തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും വിദേശയാത്രകള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി. ജൂണ്‍ എട്ടുമുതല്‍ പതിനെട്ടുവരെയുള്ള യുഎസ്, ക്യൂബ സന്ദര്‍ശനങ്ങള്‍ക്കാണ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ യു എ ഇ സന്ദര്‍ശനത്തിന് നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക കേരളസഭയുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി യു എസിലേയ്ക്ക് പോകുന്നത്.
യു എസ് സന്ദര്‍ശനത്തില്‍ ലോക ബാങ്ക് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, പ്ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ രാമചന്ദ്രന്, ചീഫ് സെക്രട്ടറി വി.പി ജോയ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാം തുടങ്ങിയവരും ഐ എസ് എസ് ഉദ്യോഗസ്ഥരും വിദേശ യാത്രാ സംഘത്തിലുണ്ട്. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ നടക്കുന്ന ലോക കേരള സഭയുടെ സമ്മേളനത്തില്‍ നോര്‍ക്ക വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണനും പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനത്തില്‍ മന്ത്രി വീണാ ജോര്‍ജ്, പ്ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന്, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുമുണ്ടാകും.