‘കല്യാണപ്പരിശ്’ എന്ന തമിഴ് സിനിമ ‘സമ്മാന’മായി മലയാളത്തിലെത്തിയിട്ട് 45 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
ശശികുമാറിന്റെ ‘സമ്മാന’ത്തിന് 45 വർഷം പഴക്കമായി. 1975 മെയ് 30 നായിരുന്നു കല്യാണപ്പരിശ് എന്ന തമിഴ് ചിത്രത്തിന്റെ റീമേയ്ക്കായ ഈ ചിത്രം പ്രദർശനത്തിന് എത്തിയത്. തമിഴിൽ വെന്നിക്കൊടി പാറിച്ച ത്രികോണപ്രേമ കഥയുടെ മലയാള രചന തോപ്പിൽ ഭാസി.
പ്രണയത്തിൽ വില്ലനായി വന്നത് സ്വന്തം ചേച്ചിയാണെന്ന ദുര്യോഗമാണ് വാസന്തിക്കുണ്ടായത് (ജയഭാരതി). സ്നേഹിച്ച പുരുഷനെത്തന്നെയാണ് (നസീർ) ചേച്ചിയും (സുജാത) ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കിയ അനിയത്തി സ്വയം പിന്മാറി. വളർത്തി വലുതാക്കിയ ചേച്ചിയോടുള്ള കടപ്പാട്. ചേച്ചിയും കാമുകനും ഒന്നായി. വിധിവശാൽ ഒരു കുഞ്ഞിനെ സമ്മാനിച്ച് ചേച്ചി മരിച്ചു. അപ്പോൾ അനിയത്തിയും പഴയ കാമുകനും ഒന്നാകുമോ? ഇല്ല. കാമുകൻ അവളെ കണ്ടെത്തിയപ്പോഴേയ്ക്കും അവളുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹസമ്മാനമായി കുഞ്ഞിനെ നൽകാം.
പിന്നീട് സന്ദേശം, ബോയിങ്ങ് ബോയിങ്ങ്, തൂവൽസ്പർശം മുതലായ ചിത്രങ്ങൾ നിർമ്മിച്ച എവർഷൈൻ പ്രൊഡക്ഷൻസിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നാണ് ‘സമ്മാനം’. വയലാർ-ദക്ഷിണാമൂർത്തി ഗാനങ്ങളിൽ ‘എന്റെ കൈയിൽ പൂത്തിരി’ ഹിറ്റായി. ‘നിശബ്‌ദത പോലും നെടുവീർപ്പടക്കുന്ന നിദ്രയിൽ എന്റെ ഹൃദയത്തുടിപ്പുകൾ ഇന്നെന്തിന് വാചാലമായി’ എന്ന് മറ്റൊരു പാട്ടിൽ വയലാർ കുറിക്കുന്നു.
‘സമ്മാന’മിറങ്ങിയ വർഷം സംവിധായകൻ ശശികുമാറിന്റേതായി മറ്റ് പത്ത് ചിത്രങ്ങൾ കൂടി റിലീസ് ചെയ്‌തു. സമ്മാനം എന്ന പേരിൽ മറ്റൊരു ചിത്രവുമുണ്ട്. സുന്ദർദാസ് സംവിധാനം ചെയ്‌ത ഈ മഞ്ജു വാര്യർ ചിത്രം 1998 ൽ റിലീസ് ചെയ്‌തു.