KeralaNEWS

വീട്ടമ്മയെ പറ്റിച്ച് വീടും വസ്തുവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

ചാരുംമൂട്: നിര്‍ധന കുടുംബത്തെ പറ്റിച്ച്‌ വീടും വസ്തുവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം ആദിച്ചനല്ലൂര്‍ തഴുത്തല ശരണ്‍ ഭവനത്തില്‍ ശരണ്‍ ബാബു (34) വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
താമരക്കുളം മേക്കും മുറിയില്‍ കൊച്ചുപുത്തൻ വിള സുനില്‍ ഭവനത്തില്‍ സുശീലയുടെ (49)വീടും വസ്തുവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സുശീലയുടെ ഭിന്നശേഷിക്കാരനായ മകൻ സുനിലുമായി സൗഹൃദം സ്ഥാപിച്ചാണ് താമരക്കുളത്തുള്ള എട്ട് സെന്റ് വസ്തുവും വീടും ഇയാള്‍ തട്ടിയെടുത്തത്.
കൊട്ടിയത്തുള്ള ഒരു ബന്ധു വീട്ടില്‍ വച്ച്‌ പരിചയപ്പെട്ട ശരണ്‍ ബാബു സുനിലിന് ഓപ്പറേഷൻ വേണമെന്നും ആയതിന് സാമ്ബത്തികം ആവശ്യമാണെന്നും മനസ്സിലാക്കി. തുടര്‍ന്ന് പണം കണ്ടെത്തി തരാൻ സഹായിക്കാമെന്നേറ്റ ഇയാള്‍ താമരക്കുളത്ത് വീട്ടിലെത്തിയ ശേഷം എട്ട് സെന്റ് സ്ഥലവും വീടും ബാങ്കില്‍ ലോണ്‍ വെച്ചിട്ട് പണം എടുത്തു തരാമെന്ന് പറഞ്ഞു. സൗകര്യം ഉള്ളപ്പോള്‍ തിരിച്ചടച്ചാല്‍ മതിയെന്നും, തിരിച്ചടക്കുന്ന സമയം വീടും പുരയിടവും തിരികെ ലഭിക്കുമെന്നും ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പണത്തിന് ആവശ്യമുള്ള നിരക്ഷരരായ സുശീല ഇയാള്‍ പറഞ്ഞ പേപ്പറുകളില്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തു.
പണം ലഭിക്കാത്തതിനെ തുടര്‍ന്ന് സുശീലയും കുടുംബവും ശരണ്‍ ബാബുവിനെ നിരന്തരം ബന്ധപ്പെട്ടപ്പോള്‍ മൂന്നര ലക്ഷം രൂപയുടെ ഒരു ചെക്ക് സുശീലക്ക് നല്‍കി. ചെക്കുമായി ബാങ്കില്‍ ചെന്നപ്പോഴാണ് അങ്ങനെയൊരു അക്കൗണ്ട് തന്നെ ഇല്ല മനസ്സിലായത്. തുടര്‍ന്ന് ഇയാള്‍ ബാങ്കിലെ തകരാറു കാരണമായിരിക്കുന്നും പണം നേരിട്ട് തരാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച ശേഷം ചെക്ക് തിരികെ വാങ്ങുകയും ചെയ്തു. തുടര്‍ന്ന് മാസങ്ങളോളം ശരണ്‍ ബാബുവിനെ കണ്ടങ്കിലും പണം ലഭിച്ചില്ല. പിന്നീട് വസ്തുവിന്റെ കരം അടയ്ക്കുന്നതിനു വേണ്ടി സുശീല പോയപ്പോഴാണ് തന്റെ പേരിലുള്ള വസ്തു ശരണ്‍ ബാബു വിലയാധാരമായി വാങ്ങി തട്ടിപ്പ് നടത്തിയ വിവരം അറിയുന്നത്. ശരണ്‍ ബാബു ഈ വസ്തുവും വീടും കൊല്ലത്തുള്ള ഒരാള്‍ക്ക് അഞ്ച് ലക്ഷം രൂപക്ക് മറിച്ചു വില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സുശീല നൂറനാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വഞ്ചനാകുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഇതിന് പിന്നാലെ ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം ശൂരനാട്ടുള്ള ഒരു വീട്ടില്‍നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Back to top button
error: