IndiaNEWS

ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്ത സംഭവം; ഡൽഹിയിൽ സംഘർഷാവസ്ഥ

ഗുസ്തി താരങ്ങളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു.സമരത്തിന് പിന്തുണയുമായെത്തിയ കർഷകരെ ഡൽഹി അതിർത്തികളിലും പോലീസ് തടഞ്ഞിട്ടുണ്ട്. പഞ്ചാബിൽനിന്നുള്ള കർഷക സംഘടനയായ ‘പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി’ പ്രവർത്തകരെ അംബാല അതിർത്തിയിൽ വച്ച് പോലീസ് തടഞ്ഞു.നിരവധി കർഷക നേതാക്കളും പോലീസ് കസ്റ്റഡിയിലാണ്.

 

ബ്രിജ് ഭൂഷൺ എം പിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ജന്തർമന്ദറിൽ നിന്ന് പാർലമെന്റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സാക്ഷി മാലിക്, ബജ്റംഗ് പുനിയ, സംഗീത ഫോഗട്ട്, വിനേഷ് ഫോഗട്ട് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ സമരം തുടങ്ങിയത്. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ദിവസം ജന്തര്‍ മന്തറില്‍നിന്ന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച്‌ നടത്താനുള്ള താരങ്ങളുടെ നീക്കം പൊലീസ് തടഞ്ഞതോടെ തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. തുടര്‍ന്ന് താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.സമര വേദിയായിരുന്ന ജന്തര്‍ മന്തറിലെ ടെന്റുകള്‍ പൊളിച്ചുമാറ്റിയ പൊലീസ് താരങ്ങളുടെ കിടക്കകളും മറ്റും നീക്കം ചെയ്യുകയും ചെയ്തു.

 

ഗുസ്തി താരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.ഇതിനിടയിൽ സമരത്തിന് പിന്തുണ അറിയിച്ച്‌ യോഗ ഗുരു ബാംബ രാംദേവ് രംഗത്തുവന്നു. ബ്രിജ് ഭൂഷണെ പോലുള്ള ആളുകളെ ഉടനെ അറസ്റ്റ് ചെയ്ത് തടവിലാക്കണം.അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കുമെതിരെ അയാള്‍ അപവാദ പ്രചാരണം നടത്തുന്നു.അത് അങ്ങേയറ്റം അപലപനീയമാണെന്നും രാംദേവ് പറഞ്ഞു.

Back to top button
error: