ദില്ലി: മണിപ്പൂർ സംഘർഷത്തിൽ 30 അക്രമികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. ചിലരെ അറസ്റ്റ് ചെയ്തു. ആയുധങ്ങളുമായി അക്രമം നടത്തിയവർക്കെതിരെയാണ് പ്രത്യേക ഓപ്പറേഷനിലൂടെ തിരിച്ചടി നൽകിയതെന്നും ബിരേൻ സിംഗ് പറഞ്ഞു.
സാമുദായിക സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിൽ മൂന്നു ദിവസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്തിയിരുന്നു. മൂന്ന് ദിവസം അവിടെ തങ്ങുമെന്നും സമാധാന ശ്രമങ്ങൾ നടത്തുമെന്നും അമിത്ഷാ പറഞ്ഞിരുന്നു. അസം സന്ദർശനത്തിനിടെയായിരുന്നു മണിപ്പൂർ സന്ദർശന പ്രഖ്യാപനം. കഴിഞ്ഞ ദിവസം മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായിരുന്നു. സൈന്യവും അർദ്ധ സൈനിക വിഭാഗവും രംഗത്തിറങ്ങിയിട്ടും സംഘർഷം പൂർണമായി അവസാനിച്ചിരുന്നില്ല. സ്ഥിതിഗതി ശാന്തമാകുന്നുവെന്ന് കരുതിയപ്പോഴാണ് വീണ്ടും അക്രമം ഉണ്ടായത്.
മണിപ്പൂരിൽ അക്രമത്തിൽ പങ്കെടുത്തുവെന്ന് സംശയിക്കുന്ന മൂന്ന് പേർ കൂടി പിടിയിലായിരുന്നു. സൈന്യത്തിന്റെ പരിശോധനയിലാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി മൂന്ന് പേരെയും പിടികൂടിയത്. തോക്കും ഗ്രെനേഡുകളുമാണ് ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത്. ഇംഫാലിലടക്കം കർഫ്യൂവും ഇന്റർനെറ്റ് റദ്ദാക്കലും തുടരുകയാണ്. സംസ്ഥാനത്തെ പ്രധാന സാമുദായിക വിഭാഗമായ മെയ്തെയ് വിഭാഗത്തെ പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്കു പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷമുണ്ടായത്.