IndiaNEWS

ഡ്രോൺ പറത്തി, അരിക്കൊമ്പൻ വിരണ്ടോടി; യൂട്യൂബർ പിടിയിൽ, തമിഴ്നാടിന്‍റെ അരിക്കൊമ്പൻ ദൗത്യം നാളെ അതിരാവിലെ

കമ്പം: അരിക്കൊമ്പന് സമീപത്തായി ഡ്രോൺ പറത്തിയ ആൾ പിടിയിൽ. ചിന്നമന്നൂർ സ്വദേശിയായ യൂട്യൂബറെയാണ് പൊലീസ് പിടികൂടിയത്. ഡ്രോൺ പറത്തിയത് അരിക്കൊമ്പൻ വിരണ്ടോടാൻ കാരണമായിരുന്നു. നിലവിൽ കമ്പത്തെ തെങ്ങിൻ തോപ്പിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പൻ. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ പിന്തുടർന്ന് സ്ഥലം വളഞ്ഞിരിക്കുകയാണ്. തമിഴ്നാടിൻറെ അരിക്കൊമ്പൻ ദൗത്യം നാളെ അതിരാവിലെ തുടങ്ങും.

അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നും ഇനിയും ജനവാസമേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകുമെന്നുമാണ് തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. വൈൽഡ് ലൈഫ് നിയമം1972 ന്റെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റാനാണ് നീക്കം. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവർ നേതൃത്വം നൽകുന്ന വെറ്ററിനറി ഡോക്ടർമാരുടെ സംഘമാകും അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുക. ശേഷം മേഘമല, വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്കാകും ആനയെ മാറ്റുക. ശ്രീവില്ലിപുത്തൂർ-മേഘമലെ ടൈഗർറിസർവിന്റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. ഭൗത്യസംഘത്തിൽ മൂന്ന് കുങ്കിയാനകൾ, പാപ്പാന്മാർ, ഡോക്ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവരുണ്ടാകും.

കേരളം മയക്കുവെടി വച്ച് ഉൾക്കാട്ടിൽ തുറന്നുവിട്ട അരിക്കൊമ്പൻ ഇന്ന് രാവിലെയാണ് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങിയത്. കമ്പത്തെ ജനവാസമേഖലയിലിറങ്ങിയ കൊമ്പൻ നാട്ടുകാരെ ഭീതിയിലാക്കി തെരുവിലൂടെ തലങ്ങും വിലങ്ങുമോടി. വാഹനങ്ങളും തകർത്തു. പിന്നീട് പുളിമരത്തോട്ടത്തിലെത്തിയ ആന അവിടെ നിലയുറപ്പിച്ചു. പിന്നാലെ അവിടുന്ന് വിരണ്ടോടിയ ആന ഇപ്പോൾ സമീപത്തെ തെങ്ങിൻ തോപ്പിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: