ഡൽഹി: ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ ഷാജൻ സ്‌കറിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കോടതി. ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ. യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാർത്തകളും പിൻവലിക്കാൻ സാജൻ സ്‌കറിയയോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു.
ഷാജൻ സ്‌കറിയക്ക് ഹൈക്കോടതി സമൻസ് അയച്ചു. ഫലപ്രദമായ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ് മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം. എന്നാൽ ഇത് മറ്റൊരു വ്യക്തിയെ അപകാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശം അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
രാജ്യത്തിന്റെ ഉന്നത ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികളെ തെറ്റായ ആരോപണങ്ങൾ വാർത്തയിലൂടെ പ്രക്ഷേപണം ചെയ്ത് അവഹേളിക്കുന്നതായും കോടതി നിരീക്ഷിച്ചു. തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീർത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സാജൻ സ്‌കറിയയെയും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെയും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹർജി പരിഗണിച്ച് കൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്.