ഏറ്റവും പവിത്രമെന്ന് കരുതപ്പെടുന്ന തീര്‍ത്ഥാടനങ്ങളില്‍ ഒന്നാണ് കൈലാസ് മാനസരോവർ യാത്ര. പ്രത്യേകിച്ച് ഹിന്ദു, ബുദ്ധ, ജൈന വിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതും ആദരണീയവുമായ തീർത്ഥാടന യാത്രയാണിത്. ശിവന്റെ ഏറ്റവും അസാധാരണമായ രൂപത്തിലേക്കുള്ള സന്ദർശനമായാണ് കൈലാസ യാത്ര കണക്കാക്കപ്പെടുന്നത്. കൈലാഷ് മാനസരോവറിലേക്കുള്ള ഒരു യാത്രയെ ആത്യന്തികമായ “തീർഥയാത്ര” ആയി കണക്കാക്കുന്നത് ഈ പ്രദേശത്തെ സംബന്ധിച്ചുള്ള വിശ്വാസങ്ങള്‍ കാരണമാണ്. കൈലാസ് മാനസരോവര്‍ യാത്രയെക്കുറിച്ച് പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ വായിക്കാം
ശിവന്‍റെ വാസസ്ഥലം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൈലാസ് മാനസരോവര്‍ ടിബറ്റൻ സ്വയംഭരണ മേഖലയിലെ പടിഞ്ഞാറൻ ഹിമാലയൻ പർവതനിരകളിൽ ആണ് സ്ഥിതി ചെയ്യുന്നത്. 6638 മീറ്റർ ഉയരമുള്ള വജ്രത്തിന്റെ ആകൃതിയിലുള്ള കൈലാസ പർവതവും (കൈലാസവും) ഏറ്റവും വലിയ ശുദ്ധജല തടാകമായ മാനസരോവരവും (മാനസ് സരോവരവും) ആണ് ഇവിടെ ദര്‍ശിക്കുവാനുള്ളത്. കൈലാസ് മാനസരോവർ സന്ദർശിക്കാൻ വിസ ആവശ്യമില്ല.30 പേരടങ്ങുന്ന ഓരോ ഗ്രൂപ്പായാണ് ഈ യാത്ര ചെയ്യുവാന്‍ കഴിയുക. അപേക്ഷിക്കുന്നവര്‍ക്ക് 6 മാസത്തിലധികം സാധുതയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം.
മുന്‍കൂട്ടി പാക്കേജ് ബുക്ക് ചെയ്തുമാത്രമേ കൈലാസ് മാനസരോവർ യാത്രയ്ക്ക് പോകുവാനായി സാധിക്കൂ. ഇതിനായി ഉത്തരാഖണ്ഡിലെ കുമയോൺ മണ്ഡൽ വികാസ് നിഗം ലിമിറ്റഡ് വെബ്‌സൈറ്റിൽ നിന്ന്(www.kmyatra.org) കൈലാഷ് മാനസരോവർ യാത്രാ പാക്കേജ് ബുക്ക് ചെയ്യണം. ഇതിമായി നിങ്ങൾ ആദ്യം KMVN വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.ഫീസ് 5000 രൂപയാണ്.
നിങ്ങളുടെ യാത്ര ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന 30 ആളുകളുടെയും രജിസ്ട്രേഷന്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ മെഡിക്കൽ ടെസ്റ്റിനായി നിങ്ങളെ ഡൽഹിയിലേക്ക് വിളിപ്പിക്കും പരിശോധനക്കും ടെസ്റ്റുകള്‍ക്കും ശേഷം, നിങ്ങളുടെ റിപ്പോർട്ടിൽ എന്തെങ്കിലും മെഡിക്കൽ പ്രശ്‌നമുണ്ടെങ്കിൽ, നിങ്ങൾക്ക് കൈലാഷ് മാനസരോവറിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. നിങ്ങളെ വീട്ടിലേക്ക് മടക്കി അയയ്‌ക്കും. മാത്രമല്ല, നേരത്തെ രജിസ്ട്രേഷനായി നല്കിയ 5000 രൂപ തിരികെ ലഭിക്കുകയുമില്ല, , അതിനാൽ കൈലാഷ് മാനസസരോവറിൽ രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ്, നേരത്തെ തന്നെ ഒരു ബോഡി ചെക്ക്-അപ്പും ടെസ്റ്റുകളും നടത്തുന്നത് നല്ലതായിരിക്കും.ഡല്‍ഹിയിലെ മെഡിക്കല്‍ പരിശോധനകള്‍ക്കായി 1950 രൂപയാണ് നല്‍കേണ്ടത്. ശ്വാസകോശ സംബന്ധമായ പരിശോധന ആവശ്യമാണെങ്കില്‍ 500 രൂപ കൂടി അധികമായി നല്‍കണം.
ദുര്‍ഘടമായ യാത്രയായതിനാല്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ഈ യാത്ര ചെയ്യുവാന്‍ സാധിക്കില്ല. 18 വയസ്സിന് താഴെയുള്ളവർക്കും 70 വയസ്സിന് മുകളിലുള്ളവർക്കും കൈലാസ് മാനസരോവർ യാത്രയ്ക്ക് അനുമതിയില്ല. പാസ്‌പോർട്ട് ആവശ്യകതകൾ കാരണം 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൈലാഷ് മാനസരോവറിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. ശാരീരികമായ അവശതകള്‍ ഉള്ളവരും രണ്ടാമതൊന്ന് ചിന്തിച്ചുമാത്രമേ യാത്ര ചെയ്യാവൂ.
പ്രധാനമായും രണ്ടു റൂട്ടുകളാണ് ഇന്ത്യയില്‍ നിന്നും കൈലാസ് മാനസരോവര്‍ യാത്രയ്ക്കുള്ളത്. . സിക്കിമിലെ നാഥുല പാസ് വഴിയും ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസ് വഴിയുമാണ് ഇവ. ഇത് കൂടാതെ നേപ്പാളിലെ കാഠ്മണ്ഡു, നേപ്പാളിലെ സിമിക്കോട്ട്, ടിബറ്റിലെ ലാസ എന്നിവ വഴിയും ഇവിടെ എത്തിച്ചേരാം.
കൂടുതൽ വിവരങ്ങൾ www.kmyatra.org എന്ന സൈറ്റില്‍ ലഭ്യമാണ്.