KeralaNEWS

പൂര്‍വവിദ്യാര്‍ഥി സംഗമങ്ങളിൽ മുൻ കാമുകീ കാമുകന്മാർ കണ്ടുമുട്ടുന്നു, ഒളിച്ചോടുന്നു; അനാഥമാകുന്നതോ എട്ടുംപൊട്ടും തിരിയാത്ത അനേകം കുരുന്നുകള്‍

   പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങളിൽ പുനസ്ഥാപിക്കുന്ന ചില പ്രണയ ബന്ധങ്ങൾ കുടുംബങ്ങളെ ശിഥിലമാക്കുന്നതായി ആക്ഷേപം. വേനല്‍ അവധിക്കാലത്ത് കോളജുകളിലും സ്‌കൂളിലും വ്യാപകമായി പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങള്‍ നടക്കുന്നു.  വടക്കന്‍ കേരളത്തിലാണ്  പ്രധാനമായും ഈ  പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങൾ അരങ്ങേറുന്നത്. ഇവരുടെ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഏറ്റവും ഒടുവിലായി ആറുവയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി നാടുവിട്ടത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടിയ സഹപാഠിയായ കാമുകനൊപ്പം യുവതി ഒളിച്ചോടിയെന്നാണ് പരാതി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയാണ് സമീപ പ്രദേശത്തെ തന്നെ സഹപാഠിക്കൊപ്പം നാടുവിട്ടത്. പ്രീഡിഗ്രി ബാച്ചിന്റെ സംഗമത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയത്. ഇതോടെ പഴയ പ്രണയം വീണ്ടും പൊടിതട്ടിയെടുത്തു.
പിന്നീട് വാട്‌സ്ആപില്‍ ചാറ്റിംഗ് മുറുകിയതോടെയാണ് പ്രണയ ജ്വരം മൂത്ത ഇരുവരും ഒളിച്ചോടിയതെന്ന് പൊലീസ് പറയുന്നു.

ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് യുവതി സഹപാഠിക്കൊപ്പം ഒളിച്ചോടിയതായി കണ്ടെത്തിയത്. ഇരുവരും വയനാട്ടിലുള്ളതായി മൊബൈല്‍ ടവര്‍ ലൊകേഷനില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചതു പ്രകാരം തെളിഞ്ഞിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുളള നീക്കത്തിലാണ് പൊലീസ്. യുവതിക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപേക്ഷിച്ചു ഒളിച്ചോടിയ കുറ്റത്തിനാണ് കേസ്.

കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്റെ മറവില്‍ നിരവധി കുടുംബങ്ങളാണ് ശിഥിലമാകുന്നത്. ഇതുവരെ പത്തോളം വീട്ടമ്മമാര്‍ ഒളിച്ചോടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. എന്നാല്‍ ഇതില്‍ അധികം വരുമെന്നും പറയുന്നുണ്ട്. പലകുടുംബങ്ങളും നാണക്കേട് ഭയന്ന് ഇക്കാര്യം പരാതിയായി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
കോഴിക്കോട് ജില്ലയിലെ കൂടാരഞ്ഞിയിലും മുവാറ്റുപുഴയിലും സമാന സംഭങ്ങൾ അരങ്ങേറുകയുണ്ടായി. വാട്സ്ആപ് ചാറ്റുകള്‍ വഴിയാണ് പലബന്ധങ്ങളും വഴിതെറ്റുന്നതെന്നും ഇതുകാരണം കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നഷ്ടപ്പെടുന്നതാണ് ഇതിന്റെ സാമൂഹിക ദുരന്തഫലമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: