Fiction

ഒഴിവായിപ്പോയ ദുരന്തങ്ങൾക്കിടയിൽ കൈവന്ന ആഹ്ലാദങ്ങൾ അവഗണിക്കരുത്

വെളിച്ചം

    അന്ന് കിടക്കാന്‍ പോകുന്നതിന് മുമ്പ് അയാള്‍ ദൈവത്തോടു ചോദിച്ചു: “അങ്ങെന്തിനാണ് എനിക്ക് ഇങ്ങനെയൊരു നശിച്ച ദിവസം തന്നത്…?”
അയാള്‍ തുടര്‍ന്നു:
“അലാം അടിക്കാത്തത് കൊണ്ട് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. സ്‌കൂട്ടര്‍ പണിമുടക്കിയതുകൊണ്ട് സമയത്ത് ഓഫീസില്‍ എത്തിയില്ല. തിരക്കിനിടെ ഉച്ചഭക്ഷണം എടുക്കാന്‍ മറന്നു. കാന്റീനില്‍ ചെന്നപ്പോള്‍ അതടഞ്ഞു കിടക്കുന്നു. വിശ്രമിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ കറന്റുമില്ല…”
എല്ലാം കേട്ട് ദൈവം പറഞ്ഞു:
“ഇന്ന് ഓഫീസില്‍ സമയത്തെത്തിയാല്‍ നീ വലിയ പ്രശ്‌നത്തില്‍ അകപ്പെടുമായിരുന്നു.  അതുകൊണ്ടാണ് അലാം ഓഫാക്കിയത്.  സ്‌കൂട്ടറപകടം മുന്നില്‍ കണ്ടുകൊണ്ടാണ് നിന്റെ വാഹനം കേടാക്കിയത്.  കാന്റീനില്‍ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയുണ്ടായിരുന്നു.  വീട്ടില്‍ രാത്രി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായേനേം. അതാണ് കറന്റ് ഇല്ലാതാക്കിയത്.  നീ അകപ്പെടാനിരുന്ന വലിയ പ്രതിസന്ധികളില്‍ നിന്ന് നിന്നെ രക്ഷപ്പെടുത്തുക മാത്രമാണ് ഞാന്‍ ചെയ്തത്…”
സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി സംഭവിക്കുന്നതെല്ലാം അനര്‍ത്ഥങ്ങളിലേക്ക് നയിക്കും എന്ന അന്ധവിശ്വാസമാണ് ആകുലതകളുടെ അടിസ്ഥാനകാരണം. എത്ര നിയന്ത്രണവിധേയമായ പായ്ക്കപ്പലിനും ചിലപ്പോള്‍ കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിക്കേണ്ടിവരും.  അതിനര്‍ത്ഥം വഴി നഷ്ടപ്പെടുമെന്നോ യാത്ര മുടങ്ങിയെന്നോ അല്ല.  നിയന്ത്രിക്കാനാകാത്ത കാര്യങ്ങളെ അംഗീകരിക്കാന്‍ കഴിയണം. മാത്രമല്ല, അവ തരുന്ന പുതിയ അനുഭവങ്ങളെ സ്വീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തണം.

Signature-ad

തങ്ങള്‍പോലുമറിയാതെ രക്ഷപ്പെട്ടിട്ടുള്ള ആപത്തുകളെക്കുറിച്ചും മറികടന്ന പ്രതിസന്ധികളെക്കുറിച്ചും ആര്‍ക്കും ഒരു ധാരണയും ഉണ്ടാകില്ല. നേരിടേണ്ടി വരുന്ന ചെറിയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരിദേവനങ്ങള്‍ക്കിടയില്‍ ഒഴിവായിപ്പോയ വലിയ വൈഷമ്യങ്ങളെ ആരും ഓര്‍ക്കാറില്ല.  നമുക്ക് വന്നുചേരാതിരുന്ന സാമ്പത്തിക നഷ്ടങ്ങള്‍, പിടിപെടാതിരുന്ന അസുഖങ്ങള്‍, ഉണ്ടാകാതിരുന്ന കുടുംബപ്രശ്‌നങ്ങള്‍, നഷ്ടപ്പെടാത്ത ജോലി… ഇങ്ങനെ  സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ അഭിമാനിക്കാനും ആത്മസംതൃപ്തി കണ്ടെത്താനുമുളള അനേകം കാരണങ്ങള്‍  ഓരോരുത്തർക്കും കണ്ടെത്താനാകും.

സൂര്യനാരായണൻ
ചിത്രം : നിപു കുമാർ

Back to top button
error: