തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരളാ, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നു. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മണ്‍സൂണ്‍ പ്രവചന പ്രകാരം ഇത്തവണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് പറയുന്നുണ്ട്. എന്നാല്‍, ജൂണില്‍ ചിലയിടങ്ങളില്‍ കൂടുതലും ചില പോക്കറ്റുകളില്‍ കൂടുതലും മഴ ലഭിക്കാന്‍ സാധ്യതയെന്നും വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തില്‍ സാധാരണ അനുഭവപ്പെടുന്നതിനേക്കാള്‍ ചൂട് കൂടാന്‍ സാധ്യതയെന്നും ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.