KeralaNEWS

കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്യാം;മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ യാത്ര ചെയ്തത് 1,90,000ത്തിലധികം പേർ 

കാലാകാലങ്ങളായി കൊച്ചി നേരിടുന്ന പ്രശ്നങ്ങളിലൊന്നായിരുന്നു ഗതാഗതക്കുരുക്ക്.മെട്രോ ട്രെയിനിന്റെ വരവോടെ ഒരുപരിധി വരെ അത് കുറയ്ക്കുവാൻ സാധിച്ചുവെങ്കിലും പൂർണ്ണമായും ഒഴിവാക്കുവാനായിട്ടില്ലായിരുന്നു.എന്നാൽ പൊതുഗതാഗതരംഗത്ത് വാട്ടർ മെട്രോയുടെ വരവോടെ കൊച്ചിയുടെയും സമീപത്തെ പത്തു ദ്വീപുകളുടെയും ഗതാഗതപ്രശ്നങ്ങൾ പുതിയ കാലത്തിനനുസൃതമായി മാറ്റപ്പെടുകയാണ്.മാത്രമല്ല, മലിനീകരണവും ചിലവും ഒരുപോലെ കുറയുകയും ചെയ്തു.കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ പറ്റുമെന്നതും എടുത്തു പറയേണ്ടതുതന്നെ.
സൗകര്യങ്ങളുടെയും നിർമ്മിതിയുടെയും കാര്യമെടുത്താൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗതാഗത സംവിധാനമാണ് കൊച്ചി വാട്ടർ മെട്രോയുടേത് എന്നു വേണമെങ്കിൽ  പറയാം.ഇതിന്റെ സുരക്ഷിതത്വവും സൗകര്യങ്ങളും പ്രത്യേകം എടുത്തുപറയേണ്ടതാണ്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ആശങ്കകളില്ലാതെ ഉപയോഗിക്കാം. അന്താരാഷ്ട്ര നിലവാരം, ഇടവിട്ടുള്ള സേവനങ്ങൾ,ഹൈബ്രിഡ് എന്‍ജിനുകൾ, എന്നിങ്ങനെ വേണ്ടതെല്ലാം ഇതിനൊരുക്കിയിട്ടുണ്ട്.
റോഡ് യാത്രയെക്കാൾ ഏറെ മെച്ചമാണ് വാട്ടർ മെട്രോ. വൈപ്പിൻ – ബോൾഗാട്ടി – ഹൈക്കോടതി, വൈറ്റില കാക്കനാട് എന്നിങ്ങനെ രണ്ട് റൂട്ടുകളിലാണ് ആദ്യ ഘട്ടത്തിലെ സർവീസ്.
വൈപ്പിൻ – ബോൾഗാട്ടി – ഹൈക്കോടതി റൂട്ടിൽ റോഡ് മാർഗ്ഗമുള്ള യാത്രയ്ക്ക് 5 കിലോമീറ്റർ ദൂരം പിന്നിടുവാൻ വേണ്ടത് 30 മിനിറ്റ് സമയമാണ്.
വൈറ്റില- കാക്കനാട് (ചിറ്റേത്തുകര) റൂട്ടിലെ ബസ് യാത്രയ്ക്ക് 13 കിലോമീറ്ററാണ് ദൂരം. പോകുന്ന റൂട്ട് അനുസരിച്ച് ടിക്കറ്റ് നിരക്ക് 18 രൂപ മുതൽ 35 രൂപ വരെയും യാത്രാ സമയം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയുമാകാം.അതേ സമയം വാട്ടർ മെട്രോയിൽ ഈ ദൂരം 5.10 കിലോമീറ്ററും ടിക്കറ്റ് നിരക്ക് 30 രൂപയുമാണ്. 20 മിനിറ്റിൽ  ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യാം.
ഓരോ പതിനഞ്ച് മിനിറ്റിലും ബോട്ട് സർവീസുകൾ ലഭ്യമാണ്. 20 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലാണ് വിവിധ റൂട്ടുകളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ.ഏതു തരത്തിൽ നോക്കിയാലും സുരക്ഷിതമായ യാത്രയാണ് കൊച്ചി വാട്ടര്‍ മെട്രോ മുന്നോട്ടു വയ്ക്കുന്നത്. മെട്രോ റെയിലിന് തുല്യമായ സൗകര്യങ്ങളിലാണ് വാട്ടർ മെട്രോ ബോട്ടുകളും ടെർമിനലുകളും നിർമ്മിച്ചിരിക്കുന്നത്. ഒരു ബോട്ടിൽ 100 പേർക്കാണ് യാത്ര ചെയ്യുവാൻ സാധിക്കുന്നത്- 50 പേർക്ക് നിന്നും 50 പേർക്ക് ഇരുന്നും യാത്ര ചെയ്യാം. 100 യാത്രക്കാർക്ക് മാത്രമേ ബോട്ടിൽ കയറുവാൻ സാധിക്കു. ഇത് ഉറപ്പു വരുത്തുന്ന പാസഞ്ചർ കണ്ടോളിങ് സിസ്റ്റവും ഏർപ്പെടുത്തിയിട്ടുണ്ട്.

ബാറ്ററിയിലും ഡീസലിലും പ്രവർത്തിക്കുന്ന ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ, എയർ കണ്ടീഷൻ, ഗ്ലാസ് ജനാലകൾ, ഫീഡിങ് റൂം, വേലിയേറ്റ- വേലിയിറക്ക സമയങ്ങിൽ ബോട്ടുമായി ഒരേ നിരപ്പിൽ നിൽക്കുന്ന ഫ്ലോട്ടിങ് പോണ്ടൂണുകൾ, തുടങ്ങിയവയും ഇതിന്റെ പ്രത്യേകതയാണ്.

ഡീസൽ എൻജിനിൽ ഉപയോഗിക്കുമ്പോൾ മണിക്കൂറിൽ പത്ത് നോട്ടിക്കൽ മൈലും ഇലക്ട്രിക് എൻജിനിൽ 8 നോട്ടിക്കൽ മൈലും ആണ് വേഗത. ബാറ്ററി മുഴുവൻ ചാർജിങ്ങിന് വെറും 15 മിനിറ്റ് സമയം മതി.കൗണ്ടര്‍ ടിക്കറ്റുകളിൽ നിന്ന് ടിക്കറ്റ് എടുക്കാം. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് ക്യു ആര്‌ കോഡ് ടിക്കറ്റെടുത്തും ഇതിൽ യാത്ര ചെയ്യാം.

 

സർവീസ് ആരംഭിച്ച് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഹിറ്റ് ചാർട്ടിൽ ഇടംനേടിയതാണ് കൊച്ചി വാട്ടർ മെട്രോ. മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 1,90,000ത്തിലധികം പേരാണ് യാത്ര ചെയ്തിരിക്കുന്നത്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: