ദില്ലി: കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ടു. പഞ്ചാബ് മുഖ്യമന്ത്രിയും ദില്ലിയിലെ മന്ത്രിമാർക്കുമൊപ്പം മുംബൈയിലെത്തിയാണ് കണ്ടത്. കൂടിക്കാഴ്ച്ചയിൽ പ്രതിപക്ഷ ഐക്യവും ചർച്ചയായി. ദില്ലിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാൻ പുതിയ ഓർഡിനൻസിറക്കിയ കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷ പിന്തുണ തേടി വിവിധ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുകയാണ് കെജ്രിവാൾ.
കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി നേരത്തെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും അരവിന്ദ് കെജ്രിവാൾ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ സഖ്യ ചർച്ചകളും കൂടിക്കാഴ്ച്ചയിൽ വിഷയമായിരുന്നു. ഓർഡിനൻസ് ഇറക്കിയ കേന്ദ്ര നടപടി വിചിത്രമെന്നായിരുന്നു നിതീഷ് കുമാർ പ്രതികരിച്ചത്. കെജ്രിവാളിനൊപ്പമാണെന്നും നിതീഷ് കുമാർ പറഞ്ഞു. ബിജെപി ഇതര സർക്കാറുകളെ കേന്ദ്രം ഉപദ്രവിക്കുന്നുവെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും പ്രതികരിച്ചു. ബിജെപി ഇനി എന്തൊക്കെ ചെയ്താലും ദില്ലിയിൽ അധികാരത്തിൽ വരില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിൽ രാജ്യസഭ കടന്നില്ലെങ്കിൽ 2024 ൽ ബിജെപി സർക്കാർ വീഴുമെന്ന സന്ദേശമാകും. ബിജെപി ഇതര സർക്കാരുകളെല്ലാം ഒന്നിക്കണം എന്നും ഇത് 2024 ന് മുന്നോടിയായുള്ള സെമി ഫൈനലെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു.