BusinessTRENDING

വമ്പന്മാര്‍ കുതിക്കുന്നു… വിഐ കിതയ്ക്കുന്നു… ജിയോയും എയർടെലും മുന്നിൽ; കണക്കുകള്‍ ഇങ്ങനെ

ദില്ലി: പുതിയ മൊബൈൽ വരിക്കാരുമായി മുന്നോട്ട് കുതിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ. ട്രായിയുടെ റിപ്പോർട്ട് അനുസരിച്ച് മാർച്ചിൽ 30.5 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ ജിയോയ്ക്ക് ലഭിച്ചു. എന്നാൽ വോഡഫോൺ ഇന്ത്യയ്ക്ക് ഈ മാസം നഷ്ടമായിരിക്കുന്നത് 12.12 ലക്ഷം വയർലെസ് ഉപയോക്താക്കളെയാണ്.

10.37 ലക്ഷം മൊബൈൽ വരിക്കാരെയാണ് മാർച്ചിൽ എയർടെല്ലിന് ലഭിച്ചത്. രാജ്യത്തെ ടെലികോം മേഖലയിൽ റിലയൻസ് ജിയോയും എയർടെലുമാണ് മുന്നിൽ നില്ക്കുന്നത്. ജിയോയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 43.02 കോടിയായി ഉയർന്നിട്ടുണ്ട്. ഫെബ്രുവരിയിൽ ഇത് 42.71 കോടി ആയിരുന്നു. മാർച്ച് അവസാനത്തോടെ എയർടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 37.09 കോടിയായി ഉയർന്നു. വിഐയാണ് നിലവിൽ പ്രതിസന്ധി നേരിടുന്നത്.

ട്രായിയുടെ ഡേറ്റ അനുസരിച്ച് കഴിഞ്ഞ മാസത്തോടെ 0.86 ശതമാനം പ്രതിമാസ വളർച്ചയുണ്ടായി. ഇതോടെ മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 84.65 കോടിയായി വർധിച്ചു. മാർച്ച് അവസാനത്തോടെ 98.37 ശതമാനത്തിലധികം വിപണി വിഹിതവും സ്വന്തമാക്കിയത് ആദ്യ അഞ്ച് ടെലികോം കമ്പനികളാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (43.85 കോടി), ഭാരതി എയർടെൽ (24.19 കോടി), വോഡഫോൺ ഐഡിയ (12.48 കോടി), ബിഎസ്എൻഎൽ (2.53 കോടി) എന്നിവയാണത്.

മാർച്ചിലെ കണക്കനുസരിച്ച്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (8.33 ദശലക്ഷം), ഭാരതി എയർടെൽ (6.12 ദശലക്ഷം), ബിഎസ്എൻഎൽ (3.60 ദശലക്ഷം), ആട്രിയ കൺവെർജൻസ് ടെക്നോളജീസ് (2.14 ദശലക്ഷം), ഹാത്ത്വേ കേബിൾ ആൻഡ് ഡേറ്റാകോം (1.12 ദശലക്ഷം) എന്നിവയാണ് വയർഡ് ബ്രോഡ്ബാൻഡ് സേവന ദാതാക്കളായി മുന്നിലുള്ളത്. വയർലെസ് വരിക്കാരുടെ എണ്ണം 114.1 കോടിയിൽ നിന്ന് 0.17 ശതമാനം ഉയർന്ന് മാർച്ച് അവസാനത്തോടെ 114.3 കോടിയായി മാറിയിട്ടുണ്ട്. നഗര, ഗ്രാമീണ വയർലെസ് സബ്‌സ്‌ക്രിപ്‌ഷന്റെ പ്രതിമാസ വളർച്ചാ നിരക്ക് യഥാക്രമം 0.19 ശതമാനവും 0.15 ശതമാനവുമാണെന്നും ട്രായിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: