CrimeNEWS

‘കേന്ദ്ര സര്‍ക്കാര്‍ മുദ്രയുള്ള’ വാഹനത്തില്‍ സ്വര്‍ണം തട്ടിയെടുക്കല്‍ സംഘം; ഒപ്പം ആയങ്കിയുടെ കൂട്ടാളിയും

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളപരിസരത്ത് വാഹനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വ്യാജസ്റ്റിക്കര്‍ പതിച്ചെത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരനില്‍നിന്നു സ്വര്‍ണം തട്ടാനാണു സംഘം എത്തിയതെന്നു പോലീസ് അറിയിച്ചു.

കണ്ണൂര്‍ കക്കാട് ഫാത്തിമ മന്‍സിലില്‍ കെ.പി. മജീസ് (28), അങ്കമാലി കോളോട്ടുകുടി ടോണി ഉറുമീസ് (34) എന്നിവരാണ് പിടിയിലായത്. സുഹൃത്തിനെ യാത്രയയക്കാനാണ് തങ്ങളെത്തിയതെന്ന് ഇവര്‍ പറഞ്ഞെങ്കിലും അതു തെളിയിക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വ്യാജസ്റ്റിക്കര്‍ പതിച്ച വാഹനവുമായി ഇവര്‍ കരിപ്പൂരിലെത്തി സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വാഹനത്തിലെത്തിയവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവള കവാടത്തിനരികെവെച്ച് പോലീസ് തടഞ്ഞു. ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.

അറസ്റ്റിലായ മജീസ് 2021-ല്‍ രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയാണ്. സ്വര്‍ണം കടത്തുന്ന സംഘത്തില്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കാനെത്തിയ അര്‍ജുന്‍ ആയങ്കിയോടൊപ്പം അന്ന് ഇയാളുമുണ്ടായിരുന്നു. ഇവരെ തടയാനെത്തിയ ഗുണ്ടാസംഘത്തിലെ അഞ്ചുപേരാണ് രാമനാട്ടുകരയില്‍ വാഹനം മറിഞ്ഞു മരിച്ചത്. കേസിലെ അറുപത്തിയെട്ടാം പ്രതിയാണ് ഇയാള്‍.

പിടിയിലായ ടോണി അയ്യംപുഴ പോലീസ്സ്റ്റേഷന്‍ പരിധിയില്‍ കാപ്പ ചുമത്തി തൃശ്ശൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തപ്പെട്ടയാളാണ്. സംഘം എത്തിയതുസംബന്ധിച്ച അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: