NEWSPravasi

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ 2000 രൂപാ നോട്ടുകള്‍ സ്വീകരിക്കുന്നില്ല; ഇന്ത്യന്‍ വിനോദ സഞ്ചാരികളും പ്രവാസികളും പ്രതിസന്ധിയിൽ

ദുബൈ: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചെന്ന പ്രഖ്യാപാനം പുറത്തുവന്നതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളും പ്രവാസികളും പ്രതിസന്ധിയിലായി. മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ നിലവില്‍ ഉപഭോക്താക്കളില്‍ നിന്ന് 2000 രൂപാ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. സന്ദര്‍ശനത്തിനും മറ്റും എത്തിയവര്‍ തങ്ങളുടെ കൈവശമുള്ള രണ്ടായിരം രൂപാ നോട്ടുകള്‍ മാറ്റി അതത് രാജ്യത്തെ കറന്‍സികള്‍ വാങ്ങാന്‍ പണമിടപാട് സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ അവര്‍ കൈമലര്‍ത്തുകയാണ്.

രണ്ടായിരം രൂപയുടെ നോട്ടുകള്‍ തങ്ങള്‍ സ്വീകരിച്ചാല്‍ അത് വിറ്റഴിക്കാനോ മാറ്റിയെടുക്കാനോ സാധിക്കാതെ തങ്ങള്‍ക്ക് വലിയ നഷ്ടം വരുമെന്നാണ് എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ പക്ഷം. പകരം നാട്ടില്‍ കൊണ്ടുപോയി തങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കില്‍ നിക്ഷേപിക്കാനാണ് നിര്‍ദേശിക്കുന്നത്. ഇതോടെ ഗള്‍ഫില്‍ എത്തിയ ശേഷം കറന്‍സി മാറ്റിയെടുക്കാമെന്ന ലക്ഷ്യത്തോടെ രണ്ടായിരം രൂപയുടെ നോട്ടുകളുമായി എത്തിയവര്‍ കൈയില്‍ പണമില്ലാത്തവര്‍ക്ക് തുല്യമായി. ഗള്‍ഫ് കറന്‍സികള്‍ ഇന്ത്യന്‍ രൂപയാക്കി മാറ്റുന്ന ഇടപാടുകാര്‍ തങ്ങളില്‍ നിന്ന് രണ്ടായിരം രൂപാ നോട്ടുകള്‍ സ്വീകരിക്കുന്നില്ലെന്ന് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും പറയുന്നു.

Signature-ad

നേരത്തെ രണ്ടായിരം രൂപയുടെ അച്ചടി നിര്‍ത്തിയപ്പോള്‍ മുതല്‍ ആ നോട്ടുകള്‍ സ്വീകരിക്കുന്നത് ഒമാനിലും മറ്റും ചില വിനിമയ സ്ഥാപനങ്ങള്‍ നിര്‍ത്തിയിരുന്നു. അത്തരം സ്ഥാപനങ്ങളില്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ വലുതായി സ്റ്റോക്കില്ല. എന്നാല്‍ നോട്ടുകള്‍ പിന്‍വലിച്ചെന്ന പ്രഖ്യാപനം വരുന്നതു വരെ അവ സ്വീകരിച്ചിരുന്ന യുഎഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ എക്സ്ചേഞ്ചുകളില്‍ രണ്ടായിരം രൂപാ നോട്ടുകളുടെ വലിയ ശേഖരമുണ്ട്. ഇത് എന്ത് ചെയ്യുന്നമെന്ന പ്രതിസന്ധിയിലാണ് അത്തരം സ്ഥാപനങ്ങള്‍.

നിലവില്‍ രണ്ടായിരം രൂപാ നോട്ടുകള്‍ കൈവശമുള്ള പ്രവാസികള്‍ സെപ്‍റ്റംബര്‍ മാസം അവസാനിക്കുന്നതിന് മുമ്പ് നാട്ടില്‍ പോകുമ്പോള്‍ അവ മാറ്റിയെടുക്കുകയോ അല്ലെങ്കില്‍ അതിന് മുമ്പ് നാട്ടില്‍ പോകുന്ന ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കൈവശം കൊടുത്തയക്കുകയോ ചെയ്യേണ്ടി വരും. നാട്ടില്‍ പോകുമ്പോഴുള്ള ആവശ്യങ്ങള്‍ക്കായോ അത്യാവശ്യ ഘട്ടങ്ങളില്‍ നാട്ടിലേക്ക് പോകേണ്ടി വരുന്ന സാഹചര്യങ്ങളിലേക്ക് വേണ്ടിയോ ഒക്കെ നാട്ടിലെ കറന്‍സികള്‍ പ്രവാസികള്‍ സൂക്ഷിച്ച് വെയ്ക്കാറുണ്ട്. എക്സ്ചേഞ്ചുകള്‍ രണ്ടായിരം രൂപാ നോട്ടുകള്‍ സ്വീകരിക്കാത്തതിനാല്‍ ഇനി നാട്ടില്‍ നിന്ന് മാറ്റിയെടുക്കുക മാത്രമേ നിര്‍വാഹമുള്ളൂ.

Back to top button
error: