Movie

സത്യൻ, ശാരദ ജോഡി നിറഞ്ഞാടിയ എം. കൃഷ്ണൻനായരുടെ ‘കാർത്തിക’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 55 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

    എം. കൃഷ്ണൻനായരുടെ ‘കാർത്തിക’യ്ക്ക് 55 വയസ്സായി. സ്വന്തം കാലിൽ നിൽക്കാനറിയാവുന്ന ഒരു ഗ്രാമീണ കന്യക എങ്ങനെ പുറംലോകത്തിന്റെ കുരുക്കുകളിൽ വശംവദയായി ബലിയാടാകുന്നു എന്ന് ചിത്രം പറയുന്നു. എസ് എൽ പുരത്തിന്റെ രചന. 1968 മെയ് 24 നായിരുന്നു റിലീസ്.

Signature-ad

ഗ്രാമീണസുന്ദരിയായ, പൂവാലന്മാരെ നിലയ്ക്ക് നിർത്തിയ കാർത്തികയായി ശാരദ. അവളോട് സ്‌നേഹപൂർണമായ അനുഭവം പുലർത്തുന്ന തോണിക്കാരൻ കുഞ്ചുവായി സത്യൻ. അവളെ ഗർഭിണിയാക്കി നാട് വിട്ട സർക്കസ്സുകാരൻ ഭരതനായി ഉമ്മർ. നസീറിന്റെ സഹോദരൻ പ്രേംനവാസ് നായികയുടെ സഹോദര റോളിൽ. യൂസഫലി- ബാബുരാജ് ടീം ഒരുക്കിയ ഗാനങ്ങൾ നിത്യഹരിത ഹിറ്റുകളായി.

കാർത്തികയ്ക്ക് സഹോദരൻ മാത്രമേയുള്ളൂ. അവനാകട്ടെ ഒരു പണക്കാരി പെൺകുട്ടിയുടെ (മല്ലിക) പിന്നാലെയാണ്. ഗ്രാമത്തിലെ സർവ്വ ചെറുപ്പക്കാരും കാർത്തികയുടെ പിന്നാലെയും. അവൾ അതൊന്നും ഗൗനിച്ചില്ല. പക്ഷെ അവളുടെ മനസ്സിടിഞ്ഞത് ഗ്രാമത്തിൽ സർക്കസ്സ് വന്നപ്പോഴാണ്. സർക്കസിലെ ഭരതനുമായി കൂടാരത്തിന് പുറത്തേയ്ക്കും പ്രണയം വളർന്നപ്പോൾ അവൾ ഗർഭിണിയായി. സർക്കസ്സുകാർ ഇതിനിടെ സ്ഥലം വിട്ടിരുന്നു.

കാർത്തിക പ്രസവിച്ചതും കുഞ്ഞ് വളർന്നതും വള്ളക്കാരൻ കുഞ്ചുവിന്റെ (സത്യൻ) വീട്ടിലാണ്. സഹോദരിയെ ‘തേച്ചവനെ’ അന്വേഷിച്ച് സഹോദരൻ പുറപ്പെട്ടിരുന്നു. കുഞ്ഞിന്റെ അച്ഛനായ പഴയ സർക്കാസുകാരൻ ഇതിനിടെ അൽപസ്വൽപം മോഷണം, തരികിടയൊക്കെ തുടങ്ങിയിരുന്നു. അച്ഛൻ തിരിച്ചു വന്നപ്പോഴേയ്ക്കും കുഞ്ഞിന്റെ അമ്മ മരിച്ചു പോയി! അച്ഛൻ കുഞ്ഞിനെ ഏറ്റെടുക്കുമോ…? ഇല്ല. അയാളെ പോലീസ് അറസ്റ്റ് ചെയ്‌തു. കുഞ്ഞിന്റെ കാര്യം ഇനി കുഞ്ചുവിന്റെ കൈകളിൽ ഭദ്രം. ശുഭം…!

ഗാനങ്ങളിൽ ‘ഇക്കരെയാണെന്റെ താമസം’, ‘പാവാടപ്രായത്തിൽ’, ‘കണ്മണിയേ കരയാതുറങ്ങൂ നീ’  എന്നിവയ്ക്ക് ഇപ്പോഴും ഫാൻ ബെയ്സുണ്ട്. ‘കാർത്തിക നക്ഷത്രത്തെ പുണരാനെന്തിന് പുൽക്കൊടി വെറുതേ മോഹിച്ചു’ എന്ന മറ്റൊരു പാട്ടും ജനപ്രീതി നേടി.

കാലം മാറി കഥ മാറി (1987) എന്ന ചിത്രമാണ് എം കൃഷ്‌ണൻനായർ ഒടുവിൽ സംവിധാനം ചെയ്‌തത്‌. ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ  കെ ജയകുമാർ, സംവിധായകൻ ശ്രീക്കുട്ടൻ എന്നിവർ മക്കളാണ്.

Back to top button
error: