CrimeNEWS

ഡോ: വന്ദന ദാസ് കൊലപാതക കേസ്: കൊലയാളിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം: ഡോ വന്ദന ദാസ് കൊലപാതക കേസിൽ, കൊലയാളിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജയിലിലായിരുന്ന സന്ദീപിനെ ഇന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സന്ദീപിന് സുരക്ഷ നൽകണമെന്ന് കോടതി പൊലീസിന് നിർദ്ദേശം നൽകി. ഒരു ആഴ്ചയെങ്കിലും കിടത്തി പരിശോധിച്ചാൽ മാത്രമേ സന്ദീപിന്റെ മാനസികാരോഗ്യം വിലയിരുത്താൻ കഴിയൂവെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടർമാരുടെ സംഘമാണ് സന്ദീപിനെ പരിശോധിച്ചത്. ഏഴ് ദിവസം കിടത്തിച്ചികിത്സിച്ചാൽ മാത്രമേ സന്ദീപിന്റെ ആരോഗ്യ നില മനസിലാകൂവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. സന്ദീപിനെ ആറര മണിക്കൂർ നേരം പരിശോധിച്ച ശേഷമാണ് കിടത്തിച്ചികിത്സിക്കണമെന്ന ആവശ്യം മെഡിക്കൽ ബോർഡ് മുന്നോട്ട് വെച്ചത്.

പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് മാനസിക നില പരിശോധിക്കാൻ കിടത്തിച്ചികിത്സയ്ക്ക് അയച്ചിരിക്കുന്നത്. കൊട്ടാരക്കരയിൽ താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെയാണ് സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. പൊലീസുകാർ ആശുപത്രിയിൽ പരിശോധനക്കെത്തിച്ച പ്രതി സന്ദീപ് പ്രകോപിതനായി അക്രമം അഴിച്ചുവിടുകയായിരുന്നു. വന്ദനയുടെ ശരീരത്തിൽ മൊത്തം 17 കുത്തുകളുണ്ടായിരുന്നു. ശ്വാസകോശത്തിലേക്ക് തുളച്ചു കയറിയ കുത്തുകളാണ് മരണകാരണമെന്ന പോസ്റ്റുമോ‍ർട്ടം റിപ്പോര്‍ട്ടും കിട്ടിയിരുന്നു.

Back to top button
error: