പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വൈദിക സംഘത്തിന്റെ ആഗോള സമ്മേളനം 23 മുതൽ 25 പരുമല സെമിനാരിയിൽ നടക്കും. ആയിരത്തിഇരുനൂറിൽ അധികം വൈദികർ സമ്മേളനത്തിൽ പങ്കെടുക്കും. 11.30ന് ഡോ. മാത്യൂസ് മാർ തിമോത്തിയോസിന്റെ അദ്ധ്യക്ഷതയിൽ കുടുന്ന യോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. സഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും സംബന്ധിക്കും. കേരള സാങ്കേതിക സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ സിസാ തോമസ് മുഖ്യസന്ദേശം നൽകും.
ക്രിസ്തുവിന്റെ സ്ഥാനാപതികൾ: നിരപ്പിന്റെയും നീതിയുടെയും ശുശ്രൂഷകന്മാർ എന്ന ചിന്താവിഷയം ഫാ.ഡോ. ജേക്കബ് കുര്യൻ അവതരിപ്പിക്കും. വൈദിക ഡയറക്ടറിയുടെ പ്രകാശന കർമം അഭി. കുറിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത നിർവഹിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ്സുകൾക്ക് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത . ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ഡോ. ഗീവറുഗിസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത, സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്ത, ഫാ.ഡോ. എം. പി ജോർജ്ജ്, ഫാ. എം. സി പൗലോസ്, ഫാ.ഡോ റെജി മാത്യു,ഫാ.ഡോ. ജോസി ജേക്കബ് രമാ അലക്സ്, അലക്സാണ്ടർ ദാനിയേൽ ഐ.പി.എസ് എന്നിവർ നേതൃത്വം നല്കും.വൈദിക ശുശ്രൂഷ രംഗത്തുനിന്ന് വിരമിച്ച വൈദികരെ യോഗം ആദരിക്കും.
ഇടയശുശ്രൂഷ ആനുകാലിക പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ ചർച്ചകൾക്ക് പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നൽകും. 25-ാം തിയതി നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഡോ. ബിജു ജേക്കബ് മുഖ്യ സന്ദേശം നൽകും. പരിശുദ്ധ കാതോലിക്കാ ബാവാ സമാപന സന്ദേശവും ആശീർവാദവും നൽകും. ജനറൽ സെക്രട്ടറി ഫാ.ഡോ.നൈനാൻ വി ജോർജ്ജ്, ജോയിന്റ് സെക്രട്ടറി ഫാ.ഡോ.മാത്യു വർഗീസ്, ഫാ.ചെറിയാൻ ടി സാമുവേൽ, പ്രോഗ്രാം കൺവിനർ സ്പെൻസർ കോശി എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.