CrimeNEWS

തഞ്ചാവൂരിലെ ടാസ്മാക് മദ്യശാലയിൽനിന്ന് മദ്യം കഴിച്ച രണ്ടുപേർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; മരണകാരണം സയനൈഡ് ശരീരത്തിൽ കലർന്നത്

ചെന്നൈ: തമിഴ്നാട് തഞ്ചാവൂരിലെ ടാസ്മാക് മദ്യശാലയിൽ നിന്ന് മദ്യം കഴിച്ച രണ്ടുപേർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. രണ്ട് പേരുടേയും മരണത്തിന് കാരണമായത് സയനൈഡ് ശരീരത്തിൽ കലർന്നതാണെന്ന് കണ്ടെത്തി. മരിച്ച രണ്ട് പേരുടേയും ശരീരത്തിൽ മെഥനോളിൻറെ അംശം കണ്ടെത്തിയില്ല. രണ്ട് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ബാർ നടത്തിപ്പുകാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തഞ്ചാവൂരിലെ ടാസ്മാക് മദ്യവിൽപ്പനശാലയോട് ചേർന്ന ബാറിൽ നിന്ന് ഇന്നലെ രാവിലെ പത്തരയോടെ മദ്യം വാങ്ങിക്കഴിച്ച കുപ്പുസ്വാമി, വിവേക് എന്നിവരാണ് മരിച്ചത്. ബാറിൽവച്ച് തന്നെ മദ്യപിച്ച് അൽപസമയത്തിനകം കുപ്പുസ്വാമി ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മദ്യശാലയോട് ചേർന്ന മാർക്കറ്റ് പരിസരത്തുവച്ച് മദ്യപിച്ച വിവേകിനെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ മരിച്ചു. കഴിഞ്ഞയാഴ്ച തമിഴ്നാട് വിഴിപ്പുരത്തും ചെങ്കൽപ്പേട്ടിലും വിഷമദ്യം കഴിച്ച് 22 പേർ മരിച്ചിരുന്നു. സമാന സാഹചര്യത്തിൽ വിഷമദ്യമുള്ളിച്ചെന്നാണ് മരണമെന്നായിരുന്നു ആദ്യ നിഗമനം.

എന്നാൽ സയനൈഡ് ഉള്ളിൽച്ചെന്നാണ് ഇരുവരുടേയും മരണമെന്ന വിവരമാണ് ഇന്ന് പുറത്തുവന്നത്. ഇരുവരുടേയും ശരീരത്തിൽ നിന്ന് സയനൈഡിൻറെ അംശം കണ്ടെത്തി. എന്നാൽ ബാറിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ നിന്ന് മെഥനോൾ കണ്ടെത്തിയതുമില്ല. മരിച്ചവർ തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായും പൊലീസിന് കണ്ടെത്താനായില്ല. ഏതായാലും കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ബാർ നടത്തിപ്പുകാരായ പളനിവേൽ, ശരവണൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ഉച്ചയ്ക്ക് 12 മുതൽ രാത്രി പത്തു മണിവരെയാണ് തമിഴ് നാട്ടിൽ ബാറുകൾക്കും മദ്യവിൽപന ശാലകൾക്കുമുള്ള പ്രവർത്തന സമയം. സർക്കാർ വിൽപന ശാലയോടു ചേർന്ന് പ്രവർത്തിച്ചിരുന്ന ഈ ബാർ, 24 മണിക്കൂറും പ്രവർത്തിയ്ക്കാറുണ്ടായിരുന്നു. ഇത്തരത്തിൽ സമയപരിധി ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യശാലകൾ കണ്ടെത്താൻ ഇന്ന് തമിഴ്നാട്ടിലാകെ പരിശോധന നടന്നു. ഇതിനിടെ വിഷമദ്യ ദുരന്തങ്ങളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി ഇന്ന് തമിഴ്നാട് ഗവർണർ ആർ.എൻ.രവിയെ കണ്ടു.

Back to top button
error: