തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഡോ. വന്ദനാ ദാസിൻ്റെ കോട്ടയം കുറുപ്പന്തറയിലുള്ള വസതി സന്ദർശിച്ചു. അന്തരിച്ച യുവഡോക്ടറുടെ മാതാപിതാക്കളായ കെ.ജി മോഹൻദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ഇരു കേന്ദ്രമന്ത്രിമാരും ചിലവഴിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. വീടിനു സമീപം നിർമ്മിച്ച ഡോ. വന്ദനാ ദാസിൻ്റെ അസ്ഥിത്തറയിൽ പ്രണാമം അർപ്പിച്ച ശേഷമാണ് കേന്ദ്രമന്ത്രിമാർ മടങ്ങിയത്.
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു വന്ദന ആക്രമിക്കപ്പെട്ടത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി സന്ദീപ് അതിക്രമം കാണിക്കുകയായിരുന്നു. വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തുകയായിരുന്നു. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഡോ. വന്ദന വൈകാതെ മരിക്കുകയായിരുന്നു. വീട്ടിൽ വെച്ച് സന്ദീപ് ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിക്കുകയായിരുന്നു ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ കുത്തി. പുറകിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ വന്ദന മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം, പ്രതി സന്ദീപിന്റെ മാനസികാരോഗ്യ നിലയറിയാൻ കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇയാളെ ആശുപത്രിയിൽ കിടത്തി വിശദമായി പരിശോധിക്കണമെന്നാണ് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. ഒരു ദിവസത്തെ പരിശോധന കൊണ്ട് പ്രതിയുടെ മാനസിക നില പൂർണമായും തിരിച്ചറിയാൻ കഴിയില്ലെന്നും മെഡിക്കൽ ബോർഡ് പറയുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് മെഡിക്കൽ ബോർഡ് വന്ദന ദാസ് കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് കൈമാറി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡാണ് റിപ്പോർട്ട് നൽകിയത്. ഡോ. മോഹൻ റോയ് അടക്കം ഏഴ് ഡോക്ടർമാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.