ടോക്യോ: ഹിരോഷിമയിലെ ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ പങ്കുവെച്ച് സുപ്രീം കോടതി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍.
‘നമ്മുടെ വിശ്വഗുരു തനിച്ചായി!’ എന്ന കുറിപ്പോടെയാണ് വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജി7 നേതാക്കളും ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികളും ചേര്‍ന്നുള്ള ഫോട്ടോ സെഷന് ശേഷം മറ്റു ലോക നേതാക്കള്‍ പരസ്പരം സംസാരിക്കുമ്ബോള്‍ ആരും ശ്രദ്ധിക്കാത്തതിനാല്‍ മോദി തിരിച്ചുനടക്കുന്നതാണ് വിഡിയോയിലുള്ളത്.
ഉച്ചകോടിക്കിടയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓട്ടോഗ്രാഫ് ചോദിച്ചെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പ്രശാന്ത് ഭൂഷൺ ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓട്ടോഗ്രാഫ് ചോദിച്ചെന്ന എ.എന്‍.ഐ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.എ.എന്‍.ഐയെ ഉദ്ധരിച്ച് നിരവധി ദേശീയ, പ്രാദേശിക മാധ്യമങ്ങളും ഓട്ടോഗ്രാഫ് വാര്‍ത്ത ഏറ്റുപിടിച്ചിരുന്നു.എന്നാല്‍, ഈ വാര്‍ത്തയുടെ ഉറവിടം ഏതാണെന്ന് വെളിപ്പെടുത്താൻ എ.എന്‍.ഐ ഇതുവരെ തയാറായിട്ടില്ല.