KeralaNEWS

ആർസിസിയിൽ നിന്നും ആംബുലൻസിലെത്തി എസ്എസ്എൽസി പരീക്ഷയെഴുതിയ സിദ്ധാർഥിന് എല്ലാവിഷയത്തിലും ഫുൾ എ പ്ലസ് 

പത്തനംതിട്ട: ആംബുലൻസിലെത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ സിദ്ധാർഥിന് എല്ലാ വിഷയത്തിനും എ പ്ലസ് ​ഗ്രേഡ്. പഠിച്ചത് തിരുവല്ലയിൽ ആണെകിലും ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നതിനാൽ തൊട്ടടുത്തുള്ള മെഡിക്കൽ കോളേജ് സ്കൂളിലാണ് സിദ്ധാർത്ഥ് പരീക്ഷ എഴുതിയത്.ഇതിനായി സർക്കാരിൽ നിന്നും പ്രത്യേക അനുമതിയും വാങ്ങിയിരുന്നു.
തിരുവല്ല കാവുംഭാഗം ദേവസം ബോർഡ് സ്കൂളിലെ വിദ്യാർഥിയും കാവുംഭാഗം പുറയാറ്റ് സുരേഷ് കുമാറിന്റെയും ബീനയുടെയും മകനുമായ ആയ സിദ്ധാർഥ് എസ് കുമാറാണ് ആംബുലൻസിൽ എത്തി പരീക്ഷ എഴുതി ഉന്നത വിജയം നേടിയത്. കഴിഞ്ഞ ജനുവരി മുതൽ ചികിത്സക്കായി തിരുവനന്തപുരത്തെ ആർസിസിയിലായിരുന്നു സിദ്ധാർഥ്‌. ആർസിസിയിൽ തന്നെ പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കണമെന്ന് ഡയറക്ടർ തന്നെ രേഖാ മൂലം വിദ്യാഭ്യാസ വകുപ്പിനോട് അഭ്യർഥിച്ചിരുന്നെങ്കിലും നിയമതടസം ഉള്ളതിനാൽ ആണ് തൊട്ടടുത്ത മെഡിക്കൽ കോളേജ് സ്കൂളിൽ അവസരം നൽകിയത്.
 അർബുദത്തോട് പൊരുതിയാണ് സിദ്ധാർത്ഥ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.ക്രിസ്മസ് പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച സന്തോഷത്തിനിടെയാണ് ആർസിസിയിലെ പരിശോധനാ ഫലം പുറത്തുവന്നത്.ഇതോടെ കുടുംബം ദുഖത്തിലായെങ്കിലും സിദ്ധാർഥ് രോഗക്കിടക്കയിലും പഠനം തുടർന്നു. രോഗം ഭേദമായി അടുത്ത വർഷം പരീക്ഷ എഴുതാമെന്ന് ചികിത്സിക്കുന്ന ഡോക്ടറും ബന്ധുക്കളും പറഞ്ഞെങ്കിലും പഠിക്കാൻ തന്നെ ആയിരുന്നു കുട്ടിയുടെ ഉറച്ച തീരുമാനം.ഇതോടെ പരിചരിക്കുന്നവരും ഉണർന്നു. ഇപ്പോൾ തന്നെ 22 ലക്ഷം രൂപ ചികിത്സക്കായി ചിലവായിട്ടുണ്ട്.ഇത് താങ്ങാൻ പ്രാപ്തിയില്ലാത്ത കുടുംബത്തെ നിരവധി പേർ സഹായിക്കുന്നുണ്ട്.മന്ത്രി ശിവൻകുട്ടിയും സിദ്ധാർത്ഥിനെ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്.

Back to top button
error: