കോട്ടയം: ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പ്രവർത്തിച്ച് യുവജനങ്ങൾക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ചോട്ടാ നേതാവിനെതിരേ വീണ്ടും എതിർപ്പ് ശക്തമാകുന്നു. സഭയുടെ പേരിൽ യൂത്ത് കോൺഗ്രസിലും കോൺഗ്രസ് പാർട്ടിയിലും സ്ഥാനമാനത്തിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ചോട്ടാ നേതാവിന്റെ പ്രവർത്തനങ്ങളെന്നാണ് ആരോപണം. കഴിഞ്ഞ സഭാ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന തോൽവിയുടെ ക്ഷീണം മാറ്റാൻ, പ്രമുഖ നേതാവിന്റെ മകളുടെ പേര് ദുർവിനിയോഗം ചെയ്യുന്നു എന്ന പരാതിയും ഉയർന്നു വരുന്നുണ്ട്. സഭാ തലത്തിൽ നഷ്ടമായ ഇമേജ് തിരിച്ച് പിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഈ യുവനേതാവ്.
സഭയിലെ മുൻ വൈദിക ട്രസ്റ്റിയുടെ അടുത്ത ആളായി പ്രവർത്തിച്ച് രാഷ്ട്രീയ നിലനിൽപ്പിന് ശ്രമം നടത്തി എങ്കിലും കോട്ടയം ഭദ്രാസനത്തിലെ നല്ല ശതമാനം വോട്ട് വൈദികന് നഷ്ടമാകാൻ കാരണം ഈ നേതാവിന്റെ ഇടപ്പെട്ടിൽ ആണ് എന്ന് വ്യക്തമായതോടെ വൻ ഇടിവാണ് ഇദ്ദേഹത്തിന് സംഭവിച്ചത്. ഈ വിടവ് നികത്താൻ പ്രസ്ഥാനത്തിൽ ഇദ്ദേഹം രാഷ്ട്രീയം തള്ളികയറ്റുന്നതിൽ കോട്ടയത്തെ യുവജനപ്രസ്ഥാന നേതൃത്വത്തിന് ശക്തമായ എതിർപ്പുമുണ്ട്.
കോട്ടയത്തെ യൂത്ത് കോൺഗ്രസിൽ ഒരു നിർണ്ണായക ഘടകം പോലുമല്ലാത്ത ഈ ചോട്ടാ നേതാവ് യൂത്ത് കോൺഗ്രസിന്റെ പേരിൽ നടത്തുന്ന ഈ വിഭാഗീയത സഭയിൽ നിന്ന് പാർട്ടിയെ അകറ്റാനെ വഴിയാകുവെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വവും മനസിലാക്കിയിട്ടുണ്ട്. കോട്ടയം യുവജനപ്രസ്ഥാനത്തിന്റെ പേരുകളിൽ തുടങ്ങിയിരിക്കുന്ന ഫെയ്സ്ബുക്ക് പേജുകൾ വഴി കോൺഗ്രസ് നേതാക്കളുടെ പി.ആർ. ചെയ്യുന്നതും ഈ വ്യക്തിയാണ്. യൂത്ത് കോൺഗ്രസിന്റെ കോട്ടയത്തുനിന്നുള്ള സംസ്ഥാന നേതാക്കൾ പോലും സഭയുടെ മാനേജിംങ് കമ്മറ്റിയിൽ ഉണ്ടായിരിക്കുമ്പോഴാണ് ഈ ചോട്ടാ നേതാവ് യുവജന പ്രസ്ഥാനത്തിൽ രാഷ്ട്രീയം കുത്തി കയറ്റി നിലവാരംകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നതെന്നാണ് ആരോപണം.