FictionLIFE

ഇനി അനിൽകുമാറിന് സ്വന്തം ഭൂമിയിൽ വീടുയർത്താം

കോട്ടയം: കോളനിയിൽ എല്ലാവർക്കും പട്ടയം നൽകിയപ്പോഴും തലമുറകളായി തന്റെ കുടുംബം താമസിച്ച 10 സെന്റ് സ്ഥലത്തിന് പട്ടയം നിഷേധിക്കപ്പെട്ടത് ഇനി അനിൽകുമാറിന് നൊമ്പരമല്ല. പുതിയ അപേക്ഷ നൽകി ഏഴുമാസത്തിനുള്ളിൽ പട്ടയം ലഭിച്ചു സ്വന്തം ഭൂമിക്ക് നിയമപരമായ അവകാശിയായതിന്റെ സന്തോഷത്തിലാണ് അയർക്കുന്നം നീറിക്കാട് കോളനിയിലെ അനിൽകുമാറും ഭാര്യ സോണിയും. ഇന്നലെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന പട്ടയമിഷൻ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചു നടന്ന പട്ടയവിതരണ ചടങ്ങിൽ റവന്യൂ ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജനിൽ നിന്ന് ആദ്യപട്ടയം ഏറ്റുവാങ്ങാനുള്ള നിയോഗമുണ്ടായതും അനിൽകുമാറിനാണ്.

അയർക്കുന്നത്ത് ഗുഡ്‌സ് ഓട്ടോ ഓടിക്കുന്ന അനിൽകുമാറിന്റെയും കുടുംബത്തിന്റെയും സ്വപ്‌നം ഇനി ഈ സ്ഥലത്ത് സ്വന്തം വീടാണ്. 38 വയസുകാരനായ അനിൽകുമാർ നാലുവയസുള്ളപ്പോൾ മുതൽ താമസിക്കുന്നത് ഇപ്പോൾ പട്ടയം ലഭിച്ച ഭൂമിയിലുണ്ടായിരുന്ന വീട്ടിലായിരുന്നു. ആ വീട് ഇപ്പോൾ വാസയോഗമല്ലാത്ത നിലയിൽ നശിച്ചുപോയതിനാൽ തൊട്ടടുത്തുള്ള വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. ലൈഫ് പദ്ധതിപ്രകാരം ഭൂമിക്കും വീടിനുമായി അപേക്ഷ നൽകി കാത്തിരിക്കുമ്പോഴായിരുന്നു വേഗത്തിൽ പട്ടയം ലഭ്യമായത്. ഇനി ലൈഫിലൂടെ വീട് എന്ന സ്വപ്‌നവും സർക്കാർ സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ് അനിലും കുടുംബവും. അഞ്ചുപതിറ്റാണ്ടിലേറെ അനിലിന്റെ കുടുംബം താമസിച്ച ഭൂമിയാണത്. പട്ടയത്തിനായി പല കുറി അപേക്ഷ നൽകിയെങ്കിലും പലകാരണങ്ങളാൽ നിഷേധിക്കപ്പെട്ടു. ഒടുവിൽ രണ്ടാം പിണറായി സർക്കാർ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചതിലുള്ള സന്തോഷം അനിൽകുമാർ മറച്ചുവയ്ക്കുന്നുമില്ല.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: