KeralaNEWS

ചങ്ങാടത്തിൽ അൻപതിലേറെ പേർ; യാതൊരു സുരക്ഷയുമില്ലാതെ കുറുവ ദ്വീപ് സന്ദർശനം

വയനാട്: താനൂർ ബോട്ടപകടം നടന്ന് 22  പേർ മരിച്ചിട്ടും പാഠം പഠിക്കാതെ ടൂറിസം വകുപ്പ്.എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി ബോട്ട് സർവീസ് നടത്തിയതായിരുന്നു താനൂർ ദുരന്തത്തിന്റെ കാരണമെങ്കിൽ വയനാട് കുറുവ ദ്വീപിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നത് ഇതിനും അപ്പുറത്തുള്ള സുരക്ഷാ വീഴ്ചയോടെയാണ്.
മധ്യവേനലവധി ആഘോഷിക്കാന്‍ വയനാട്ടിലെ കുറുവാദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പുഴകള്‍ക്കിടയിലെ തുരുത്തും മരങ്ങളൊരുക്കുന്ന തണലും ശാന്തതയുമാണ് സഞ്ചാരികളെ ദ്വീപിലേക്ക് ആകര്‍ഷിക്കുന്നത്.ചുട്ടുപൊള്ളുന്ന വെയിലില്‍ ആശ്വാസംതേടി കബനിയില്‍ സഞ്ചാരികള്‍ തിമിര്‍ക്കുന്നത് കുറുവാദ്വീപിലെ പതിവുകാഴ്ചയാണ്.
പാക്കം ചെറിയമല, പാല്‍വെളിച്ചം എന്നിങ്ങനെയുള്ള രണ്ട് പ്രവേശനകവാടമാണ് കുറുവാദ്വീപിനുള്ളത്. ഇരുഭാഗത്തുനിന്നും സഞ്ചാരികളെ ദ്വീപിലേക്കെത്തിക്കുന്നത് മുളച്ചങ്ങാടത്തിലൂടെയാണ്.ഇരിപ്പടമോ കൈവരിയോ മറ്റ് യാതൊരു സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ അൻപതിലേറെ പേരാണ് ഒരു ചങ്ങാടത്തിൽ ഇങ്ങനെ‌ സഞ്ചരിക്കുന്നത്.

പാക്കം ചെറിയമലഭാഗത്തുള്ള നിയന്ത്രണം വനംവകുപ്പിനാണ്. ഡി.ടി.പി.സി.യാണ് പാല്‍വെളിച്ചം പ്രവേശനകവാടം നിയന്തിക്കുന്നത്.ഏപ്രിലില്‍മാത്രം ദ്വീപിലെത്തിയ സഞ്ചാരികളില്‍നിന്ന് ലഭിച്ച വരുമാനം മുപ്പതുലക്ഷത്തിനടുത്ത് വരും. മുളച്ചങ്ങാടത്തില്‍ സഞ്ചാരികളെ ദ്വീപിന്റെ അക്കരെയും ഇക്കരെയും എത്തിക്കുന്നതാണ് ഡി.ടി.പി.സി.യുടെ ചുമതലയിലാണ്.ഇതിനുപുറമേ ഡി.ടി.പി.സി. ചങ്ങാടസവാരിയും നടത്തുന്നുണ്ട്.

 

അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ദ്വീപ് സന്ദര്‍ശിക്കാനെത്തുന്നവരില്‍ ഏറെയും.രാവിലെ 9.30 മുതലാണ് ടിക്കറ്റുകള്‍ നല്‍കുന്നത്.തിരക്കുള്ള ദിവസങ്ങളില്‍ ഒരുമണിക്കൂറിനുള്ളില്‍ ടിക്കറ്റുകള്‍ തീര്‍ന്നുപോകുന്ന അവസ്ഥയുണ്ട്.ടിക്കറ്റ് നല്‍കുന്നത് 9.30-നാണെങ്കിലും രാവിലെ ഏഴുമുതല്‍തന്നെ കൗണ്ടറിനുമുന്നില്‍ നീണ്ടനിര അനുഭവപ്പെടും.
മുതിര്‍ന്നവര്‍ക്ക് 110 രൂപയും സ്ഥാപനമേലധികാരികളുടെ സാക്ഷ്യപത്രവുമായെത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് 75 രൂപയുമാണ് പ്രവേശനഫീസ്. വിദേശികളില്‍നിന്ന് ഇരുനൂറുരൂപ ഈടാക്കുന്നുണ്ട്.ക്യാമറ കൊണ്ടുപോകണമെങ്കില്‍ 59 രൂപ വേറെയും നല്‍കണം.ആളുകളെ ദ്വീപിലേക്കെത്തിക്കുന്നതിനുള്ള വലിയ ചങ്ങാടമുള്‍പ്പെടെ ഏഴ് ചങ്ങാടങ്ങളാണ് ഡി.ടി.പി.സി. നിയന്ത്രണത്തിലുള്ളത്. ഏപ്രിലില്‍മാത്രം ഇങ്ങനെ‌ ലഭിച്ചത് 29.67 ലക്ഷം രൂപയാണ്.എന്നാൽ യാതൊരു സുരക്ഷയും ഇല്ലാതെയാണ് ഇത്തരം ചങ്ങാടയാത്രകൾ എന്നതാണ് വാസ്തവം.
വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവുമായിരുന്നു താനൂർ ദുരന്തത്തിന്റെ കാരണം.യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇപ്പോഴും ഇത്തരം യാത്രകൾ ടൂറിസം വകുപ്പ് നടത്തുന്നത്.അതിന്റെ നേർസാക്ഷ്യനാണ് വയനാട്ടിലെ കുറുവ ദ്വീപ് യാത്രകൾ.ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ടുള്ള ഇത്തരം യാത്രകൾ വരുമാനം മാത്രം ലക്ഷ്യമിട്ടു കൊണ്ട് നടത്തുന്നതാണെന്ന് പറയാതെ വയ്യ.അധികാരികൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചില്ലെങ്കിൽ മറ്റൊരു ദുരന്തത്തിനു കൂടി കേരളം ഉടൻ സാക്ഷ്യം വഹിക്കേണ്ടി വരും.

Back to top button
error: