CrimeNEWS

പണമിടപാടിനെച്ചൊല്ലി തര്‍ക്കം; ഉഗാണ്ടയില്‍ ഇന്ത്യക്കാരനെ പോലീസ് കോണ്‍സ്റ്റബിള്‍ വെടിവെച്ച് കൊന്നു

കംപാല(ഉഗാണ്ട): പണമിടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യക്കാരന്‍ പോലീസ് കോണ്‍സ്റ്റബിളിന്റെ വെടിയേറ്റു മരിച്ചു.
ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സംഭവം. പണമിടപാട് സ്ഥാപനമായ ടിഎഫ്എസ് ഫിനാന്‍ഷ്യല്‍ സര്‍വീസിന്‍െ്‌റ ഡയറക്ടര്‍ ഉത്തം ഭണ്ഡാരി(39)യാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിയിലല്ലാത്ത പോലീസ് കോണ്‍സ്റ്റബിള്‍ ഇവാന്‍ വാബ്വയര്‍ (30) എകെ 47 തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഉത്തരം ഭണ്ഡാരി, പ്രതി ഇവാന്‍ വാബ്വയര്‍

21 ലക്ഷം ഉഗാണ്ടന്‍ ഷില്ലിംഗ്(46,000 രൂപ) കടം കൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. ഭണ്ഡാരി ടിഎഫ്എസ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടറും വാബ്വയര്‍ ഇയാളുടെ ക്ലയന്റുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍, പോലീസുകാരന്‍ സ്ഥാപനത്തിന് നല്‍കാനുള്ള തുകയെച്ചൊല്ലി ഇരുവരും തമ്മില്‍ തെറ്റിദ്ധാരണയുണ്ടായി. മേയ് 12 ന് വാബ്വയറിനോട് വായ്പാ തുകയെ കുറിച്ച് പറഞ്ഞപ്പോള്‍, കണക്ക് തെറ്റാണെന്ന് പറഞ്ഞ് അയാള്‍ ഭണ്ഡാരിയുമായി തര്‍ക്കിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് എകെ 47 തോക്കെടുത്ത് ഭണ്ഡാരിക്ക് നേരെ വെടിയുതിര്‍ത്തത്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടതായി കമ്പാല മെട്രോപൊളിറ്റന്‍ പോലീസ് വക്താവ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് 13 വെടിയുണ്ടകള്‍ പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു,

വാബ്വയറിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും ഇതേ തുടര്‍ന്ന് രണ്ട് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നുമാണ് വിവരം. തോക്ക് കൈവശം വയ്ക്കുന്നതില്‍ നിന്ന് ഇയാളെ വിലക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍, സഹപ്രവര്‍ത്തകന്റെ മുറിയില്‍ നിന്ന് തോക്ക് മോഷ്ടിച്ചാണ് ഇയാള്‍ കൊല നടത്തിയത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Back to top button
error: