പൊൻകുന്നം: പോലീസ് ഓഫീസറായിരുന്ന അച്ഛനോടുള്ള ആരാധനയിൽ പോലീസ് സേനയിലെത്താൻ മോഹിച്ച ജോബി ജോർജ്. ബിരുദപഠനവേളയിൽ തന്നെ പി.എസ്.സി. പരീക്ഷയെഴുതി സേനയുടെ ഭാഗമായി. അച്ഛൻ വി.വി. ജോർജിന്റെ പാതയിൽ എന്നും സഞ്ചരിക്കാൻ മോഹിച്ച ജോബിയുടെ വേർപാട് അച്ഛനെപ്പോലെ തന്നെ സർവീസിലിരിക്കുമ്പോൾ.
കഴിഞ്ഞദിവസം രാത്രി രാമപുരത്ത് ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളിൽനിന്ന് വീണുമരിച്ച പൊൻകുന്നം ഇരുപതാംമൈൽ വാഴേപ്പറമ്പിൽ ജോബി ജോർജ് 1993-ൽ 18-ാം വയസ്സിലാണ് പോലീസ് കോൺസ്റ്റബിളായി സർവീസിൽ കയറിയത്. അച്ഛൻ ജോർജ് അന്ന് സി.ബി.സി.ഐ.ഡി.യിൽ പോലീസ് ഓഫീസർ. ജോബി കാഞ്ഞിരപ്പള്ളി സെയ്‌ന്റ് ഡൊമിനിക്‌സ് കോളേജിൽ പ്രീഡിഗ്രി കഴിഞ്ഞ് അഞ്ജലി കോളേജിൽ ബിരുദപഠനത്തിന് ചേർന്ന വേളയിലാണ് പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തൃശ്ശൂർ പോലീസ് അക്കാദമിയിലായിരുന്നു പരിശീലനം. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, പാമ്പാടി, പാലാ, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, മുണ്ടക്കയം സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. രണ്ടുവർഷം മുൻപാണ് രാമപുരം സ്റ്റേഷനിലെത്തിയത്. ഗ്രേഡ് എസ്.ഐ.യായിരുന്നു. 1999-ൽ കേസന്വേഷണത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിലെത്തിയ അച്ഛൻ ജോർജ് അവിടെവെച്ച് രക്തസമ്മർദ്ദം കൂടി മരിച്ചു. ഗാന്ധിനഗറിൽ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
53-ാം വയസ്സിലായിരുന്നു മരണം. 2005-ൽ ജോർജിന്റെ ആശ്രിത നിയമനത്തിൽ ജോബിയുടെ ജ്യേഷ്ഠൻ ജോർട്ടി ജോർജ് പോലീസിൽ മിനിസ്റ്റീരിയൽ വിഭാഗത്തിൽ ജോലിയിൽ കയറി. ജോർട്ടി ഇപ്പോൾ കോട്ടയം ജില്ലാപോലീസ് മേധാവിയുടെ ഓഫീസിൽ സീനിയർ ക്ലാർക്കാണ്. ഇളയ സഹോദരൻ ജോളി ജോർജ് ആർട്ടിസ്റ്റാണ്.