ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍ താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കുന്നത് ഒഴിവാക്കാന്‍ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന മുന്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈ മേധാവി സമീര്‍ വാങ്കഡെയ്ക്കും മറ്റു 4 പേര്‍ക്കുമെതിരെ സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്. ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കി ഷാറൂഖ് ഖാനില്‍നിന്ന് 25 കോടി നേടാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.
ഇതിനായി സമീര്‍ കേസിലെ സാക്ഷി കെ.പി. ഗോസാവിക്കൊപ്പം ഗൂഢാലോചന നടത്തി. ഷാറൂഖ് ഖാനോട്, ഗോസാവി 25 കോടി ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ 18 കോടിക്ക് ധാരണയായെന്നും ആദ്യഗഡുവായി 50 ലക്ഷം വാങ്ങിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സമീര്‍ വാങ്കഡയെ കൂടാതെ എന്‍സിബി മുന്‍ എസ്പി വിശ്വ വിജയ് സിങ്, എന്‍സിബിയുടെ ഇന്റലിജന്‍സ് ഓഫിസര്‍ ആശിഷ് രഞ്ജന്‍, കെ.പി.ഗോസാവി, ഇയാളുടെ സഹായി സാന്‍വില്‍ ഡിസൂസ എന്നിവര്‍ക്കെതിരായ എഫ്‌ഐആര്‍ വെള്ളിയാഴ്ചയാണ് സമര്‍പ്പിച്ചത്.
മുംബൈ, ഡല്‍ഹി, റാഞ്ചി, കാന്‍പുര്‍ എന്നിവിടങ്ങളിലായി വാങ്കഡെയുമായി ബന്ധമുള്ള 29 ഇടങ്ങളില്‍ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. കൈക്കൂലിയുടെ മുന്‍കൂര്‍ തുകയായി 50 ലക്ഷം രൂപ വാങ്കഡെയും കൂട്ടാളികളും കൈപ്പറ്റിയിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 2021 ഒക്ടോബര്‍ 2ന് ഗോവയിലേക്കുള്ള ആഡംബര കപ്പലില്‍ വാങ്കഡെയും സംഘവും റെയ്ഡ് നടത്തിയപ്പോള്‍ ലഹരിയുമായി പിടിയിലായവര്‍ക്കൊപ്പം ആര്യന്‍ ഖാന്‍ ഉണ്ടായിരുന്നതു മുതലെടുത്താണ് ഷാറുഖിനോട് കൈക്കൂലി ആവശ്യപ്പെട്ടത്.
വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് എന്‍സിബി ഉന്നതതല അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്യനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. വാങ്കഡെയെ ചെന്നൈയിലേക്കു സ്ഥലംമാറ്റുകയും ചെയ്തു. മറ്റ് 2 എന്‍സിബി ഉദ്യോഗസ്ഥരെ ക്രമക്കേടുകളുടെ പേരില്‍ കഴിഞ്ഞ ദിവസം സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു.