ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കര്‍ണാടകയ ബി.ജെ.പിയില്‍ അഴിച്ചുപണിയുണ്ടാവുമെന്ന് സൂചന. തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കട്ടീല്‍ രാജിവെച്ചാല്‍ കേന്ദ്രമന്ത്രി ശോഭ കരന്തലജെയെ ബി.ജെ.പി. അധ്യക്ഷയാക്കിയേക്കുമെന്ന് സൂചനയുണ്ട്.
കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക. താഴേത്തട്ടു മുതല്‍ ശുദ്ധീകരണം ആവശ്യമാണെന്ന ചര്‍ച്ചകളും ബി.ജെ.പിയില്‍ ഉയരുന്നുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ ശക്തരായ നേതാക്കളെ അവതരിപ്പിക്കേണ്ടതുണ്ടെന്ന ആവശ്യം ചിന്ത സജീവമാണ്. അങ്ങനെയെങ്കില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തും പ്രതിപക്ഷ നേതൃസ്ഥാനത്തും പുതിയ മുഖങ്ങള്‍ വന്നേക്കും.
തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കട്ടീല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കട്ടീല്‍ ബി.ജെ.പിയെ നയിക്കുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാല്‍, ബൊമ്മെയുടെ പ്രസ്താവന അനുചിതമാണെന്ന വിലയിരുത്തല്‍ പല നേതാക്കള്‍ക്കുമുണ്ട്.
വൊക്കലിഗ സമുദായംഗമെന്ന പരിഗണനയാണ് കട്ടീല്‍ രാജിവെച്ചാല്‍ ശോഭ കരന്തലജെയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പ്രധാനകാരണം. അങ്ങനെയെങ്കില്‍ നിയമസഭാ കക്ഷി നേതാവായി ലിംഗായത്ത് സമുദായത്തില്‍ നിന്നൊരാളെ കൊണ്ടുവരും. ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നുള്ള എസ്. സുരേഷ് കുമാര്‍, ലിംഗായത്തില്‍ നിന്നുള്ള അരവിന്ദ് ബല്ലാഡ്, ബില്ലാവ സമുദായത്തില്‍ നിന്നുള്ള വി. സുനില്‍കുമാര്‍, പാര്‍ട്ടിയിലും സംസ്ഥാനത്തും ലിംഗായത്ത് മുഖമായിരുന്ന ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്ര എന്നീ പേരുകളും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
ആര്‍.എസ്.എസ്. നോമിനിയായ കട്ടീല്‍ 2019 ഓഗസ്റ്റില്‍ അപ്രതീക്ഷിതമായാണ് കര്‍ണാടക ബി.ജെ.പി. അധ്യക്ഷനായി എത്തുന്നത്. ബി.ജെ.പി. സംഘടനാ ജനല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന്റെ അടുപ്പക്കാരനായി കരുതപ്പെടുന്ന നേതാവാണ് കട്ടീല്‍. കട്ടീലിന്റെ നേതൃത്വത്തോട് ബി.ജെ.പി.ക്കുള്ളില്‍ അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേതൃത്വം സാധാരണപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അപ്രാപ്യമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പല പ്രസ്താവനകളും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ലായിരുന്നുവെന്നും വിമര്‍ശനമുണ്ട്.