ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കു സിദ്ധരാമയ്യയ്ക്ക് സാധ്യതയേറുന്നതിനിടെ നീരസം പ്രകടമാക്കി കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തണമെന്ന ഹൈക്കമാന്‍ഡ് ആവശ്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ഡികെ വ്യക്തമാക്കി. ഇന്നു തന്റെ ജന്മദിനമാണെന്നും പ്രവര്‍ത്തകര്‍ എത്തുന്നതിനാല്‍ തിരക്കുണ്ടെന്നുമാണു കാരണമായി പറഞ്ഞത്.
”ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അനുസരിക്കും. സോണിയ ഗാന്ധിയുടെയും മറ്റു പാര്‍ട്ടി നേതാക്കളുടെയും തീരുമാനത്തില്‍ വിശ്വാസമുണ്ട്. ജനങ്ങള്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം നല്‍കിയിട്ടുണ്ട്. എന്റെ ജോലി ഭംഗിയായി ചെയ്തു” ജന്മദിനത്തില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഡി.കെ.ശിവകുമാര്‍.
അതേസമയം, സിദ്ധരാമയ്യ ഇന്ന് ഉച്ചയ്ക്ക് ബെംഗളൂരുവില്‍നിന്നു ഡല്‍ഹിയിലേക്കു തിരിക്കും. നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുത്ത എഐസിസി നിരീക്ഷകര്‍ ഓരോ എംഎല്‍എയോടും നേരിട്ടുസംസാരിച്ച് അഭിപ്രായം തേടിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കു നല്‍കും.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തുന്ന പ്രമേയം കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം പാസാക്കിയിരുന്നു. സിദ്ധരാമയ്യയാണു പ്രമേയം അവതരിപ്പിച്ചത്. ഇന്നു രാത്രി മുഖ്യമന്ത്രിയെ എഐസിസി പ്രഖ്യാപിക്കുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുമായി ഇന്നു ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയശേഷമാകും പ്രഖ്യാപനം. ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഖര്‍ഗെ ഇന്നലെത്തന്നെ സോണിയ ഗാന്ധിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണു നിലവിലെ തീരുമാനം.