
കേരളത്തിലെ പല ജില്ലയിലും വ്യാജ തേയിലപ്പൊടിയുടെ വിൽപന വ്യാപകമായി നടക്കുന്നതായി വിവരം പുറത്തുവന്നു. കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യാജമെന്ന് സംശയിക്കുന്ന 600 കിലോയോളം തേയിലപ്പൊടി പാക്കറ്റുകൾ കാസർകോടു നിന്നും പിടികൂടിയിരുന്നു. ഈ തേയിലപ്പൊടിയുടെ മൂന്ന് സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്ടെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ ഫലം പുറത്തുവരുന്നതോടെ വ്യാജ തേയിലപ്പൊടി വിൽപനയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരാൻ പോകുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
അറിയപ്പെടുന്ന തേയിലപ്പൊടിയുടെ പേരിനോട് സാമ്യമുള്ള ചായപ്പൊടികളിലാണ് മായം കലർത്തി വിൽക്കുന്നതെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. വ്യാജ വിലാസങ്ങൾ ഉപയോഗിച്ചാണ് തേയിലപ്പൊടി പാക്കറ്റുകളിലാക്കി വിൽപന നടത്തുന്നതെന്നും അയൽ സംസ്ഥാനങ്ങളിൽ നിന്ന് മായം ചേർത്തതും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ചേർത്തതുമായ തേയിലപ്പൊടികൾ മൊത്ത വിലയ്ക്ക് വാങ്ങി വ്യാജ പേരുകളിൽ പാക്കറ്റുകളിലാക്കിയാണ് വിൽപനയ്ക്ക് എത്തിക്കുന്നതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.
കാസർകോട് പുത്തിഗെ പഞ്ചായതിൽ നിന്ന് കണ്ടെത്തിയ തേയിലപ്പൊടിയിൽ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ലൈസൻസ് നമ്പർ പോലും ഉണ്ടായിരുന്നില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. മുംബൈയിലെ വിലാസം വ്യാജമായി ഉണ്ടാക്കിയാണ് ഇവിടെ നിന്നും പാക്കറ്റുകളിലാക്കി കാസർകോട് ജില്ലയിലടക്കം പല ഭാഗങ്ങളിലേക്കും വിതരണം നടത്തിയിരുന്നതെന്നും ഇതിന് പിന്നിൽ ഗൂഢസംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് സംശയം.
ബ്രാൻഡ് തേയിലപ്പൊടിയുടെ കൂടെയാണ് ചെമ്മനാട് പഞ്ചായത് പരിധിയിൽ പെട്ട ഒരാൾ കാസർകോട് നഗരത്തിൽ വ്യാജ തേയിലപ്പൊടിയുടെ മൊത്ത വിതരണവും നടത്തിയിരിക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്. ബ്രാൻഡ് തേയിലപ്പൊടിക്ക് ജി.എസ്.ടി ബിൽ അടക്കം നൽകുമ്പോൾ വ്യാജ തേയിലപ്പൊടിക്ക് സാധാരണ ബിൽ പോലും നൽകിയിരുന്നില്ലത്രേ. കേസ് വന്നാൽ രക്ഷപ്പെടുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.
ചെറിയ സംശയത്തെ തുടർന്ന് കാസർകോട് കണ്ണൂർ ജില്ലകളിലെ ചില വ്യാപാരികൾ ഈ തേയിലപ്പൊടിയുടെ കച്ചവടം നിർത്തിയിരുന്നു. നല്ല കളറും രുചിയുമാണ് വ്യാജ തേയിലപ്പൊടിയുടെ പ്രത്യേകതയെന്നതും ആളുകൾക്ക് ഇടയിൽ ഇതിന് പ്രചാരം ഉണ്ടാകാൻ കാരണമായിട്ടുണ്ട്. ഇതേതുടർന്ന് സ്ത്രീകൾ അടക്കം നിരവധി ആളുകൾ ഈ തേയിലപ്പൊടി അന്വേഷിച്ച് കടകളിൽ വന്നിരുന്നതായി വ്യാപാരികൾ പറയുന്നു.






