Movie

ഗ്യാങ്ങ്സ്റ്റർ പരമ്പരകളിലെ മെഗാ ഹിറ്റ് ‘ഇരുപതാം നൂറ്റാണ്ട്’ പ്രദർശനശാലകളെ പ്രകമ്പനം കൊള്ളിച്ചിട്ട് ഇന്ന് 36 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

‘നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന പ്രശസ്‌ത ഡയലോഗുമായി പ്രേക്ഷകലക്ഷങ്ങളെ മയക്കിയ ‘ഇരുപതാം നൂറ്റാണ്ടി’ന് 36 വർഷം പഴക്കം. 1987 മെയ് 15 നാണ് എസ്.എൻ സ്വാമി-കെ മധു കൂട്ടുകെട്ടിൽ ഈ മോഹൻലാൽ- സുരേഷ് ഗോപി മെഗാ ഹിറ്റ് പിറന്നത്. ബോംബെ അധോലോക നായകർക്ക് വീരപരിവേഷം കിട്ടുന്നത് മാധ്യമങ്ങളിൽ കണ്ടിട്ടാണ് എസ് എൻ സ്വാമി സാഗർ ഏലിയാസ് ജാക്കി എന്ന സ്വർണ്ണ കള്ളക്കടത്തുകാരൻ നായകനെ സൃഷ്‌ടിച്ചത്‌. സുനിത പ്രൊഡക്ഷൻസിന്റെ എം മണിയാണ് നിർമ്മാണം. അവരുടെ സ്ഥിരം സംഗീത സംവിധായകൻ ശ്യാമിന്റെ ബിജിഎം സിനിമയോളം ഹിറ്റായി. ചുനക്കര രാമൻകുട്ടി എഴുതിയ ഒരു ഗാനം ഉണ്ടായിരുന്നു.

Signature-ad

മുഖ്യമന്ത്രിയുടെ മകൻ ശേഖരൻകുട്ടി (സുരേഷ് ഗോപി) മയക്കുമരുന്ന് ബിസിനസിലേയ്ക്ക് തിരിഞ്ഞപ്പോൾ പങ്കാളിയായിരുന്ന ജാക്കി (ലാൽ) ആ സൗഹൃദം ഉപേക്ഷിച്ചു. അന്ന് മുതൽ ബദ്ധവൈരികളാണ് ഇരുവരും. ശത്രുത കൊലപാതകങ്ങൾ സൃഷ്‌ടിക്കുമ്പോൾ ജാക്കിക്ക് ശേഖരൻകുട്ടിയെ കൊല്ലാനേ നിവൃത്തിയുള്ളൂ. എയർപോർട്ടിലെ വൻ സുരക്ഷ മറികടന്നും ആ ക്ളൈമാക്‌സ് ജാക്കി നടപ്പാക്കുന്നു.

ഗ്യാങ്ങ്സ്റ്റർ സിനിമകളിൽ പൊതുവെ കാണാറില്ലാത്ത ഇമോഷണൽ സീനുകൾ കഥയുടെ ഭാഗമാണ്. കൂട്ടുകാരിയുടെ പീഡകനെ കൊന്ന കുറ്റത്തിന് ജയിലിലായ കാമുകിയെ (ഉർവ്വശി) വിവാഹം കഴിക്കാനിരുന്ന ജാക്കി ജയിലിലേയ്ക്ക് വരുമ്പോൾ, ജയിൽ മോചിതയായ കാമുകിയെ കാണുന്ന സീൻ ഉദാഹരണം. രണ്ട് സുഹൃത്തുക്കൾ ശത്രുക്കളായ കഥയുടെ അവസാന സീൻ, രണ്ട് സ്ത്രീകൾ സുഹൃത്തുക്കളാകുന്നതാണ്.

ഈ ചിത്രത്തിന് ശേഷമാണ് സുനിത പ്രൊഡക്ഷൻസ്, എസ്.എൻ സ്വാമി, കെ മധു കൂട്ടുകെട്ടിൽ ‘സിബിഐ ഡയറിക്കുറിപ്പ്’ സീരീസ് തുടങ്ങുന്നത്. ‘ഇരുപതാം നൂറ്റാണ്ട്’ കെ. മധുവിന്റെ മൂന്നാമത്തെ ചിത്രമാണ്.

Back to top button
error: