KeralaNEWS

നൈറ്റ് ലൈഫ് ടൂറിസത്തിനായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം മുഖം മിനുക്കുന്നു; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ

തിരുവനന്തപുരം: നൈറ്റ് ലൈഫ് ടൂറിസത്തിനായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം മുഖം മിനുക്കുന്നു. 2.63 കോടി രൂപയുടെ വികസന പദ്ധതികളാണ് വിനോദസ‌ഞ്ചാര വകുപ്പും തിരുവനന്തപുരം കോര്‍പ്പറേഷനും ചേര്‍ന്ന് നടപ്പിലാക്കുന്നത്. കനകക്കുന്നിന്‍റെ പൈതൃകത്തിന് കോട്ടം തട്ടുന്നതാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളെന്നാരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.

തലസ്ഥാനത്തിന്‍റെ പ്രഭാത സായാഹ്നങ്ങളിലെ ജനപ്രിയ ഇടമാണ് കനകക്കുന്ന്. ഭക്ഷണ കിയോസ്കുകൾ, മരങ്ങൾക്ക് ചുറ്റും കൂടുതൽ ഇരിപ്പിടങ്ങൾ, വൈദ്യുതി വിളക്ക് തൂണുകൾ, എന്നിവയുടെ നിര്‍മ്മാണം തകൃതിയായി നടക്കുന്നുണ്ട്. നൈറ്റ് ഹബ്ബായി മാറുമ്പോൾ സുരക്ഷയ്ക്കായി അധികമായി സിസിടിവികളും സ്ഥാപിച്ചു. കൊട്ടാരത്തിന്‍റെ ചുറ്റുമുള്ള മൂന്ന് സ്ഥലങ്ങളിൽ പുതുതായി തറയോടുകളും ഇട്ടു. രാത്രിയും പകലുമായി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ അടുത്തമാസം പൂര്‍ത്തിയാകും. ഇതോടെ പുത്തൻ അനുഭവമാകും കനക്കുന്ന്.

Signature-ad

എന്നാൽ നവീകരണ പ്രവര്‍ത്തനങ്ങൾ കൊട്ടാരത്തിന്‍റെ തനിമയും പച്ചപ്പും തകര്‍ക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വിമര്‍ശനം. ഊരാളുങ്കൽ സൊസൈറ്റിയ്ക്കാണ് കനകക്കുന്ന് കൊട്ടാരം നവീകരണ നിര്‍മ്മാണത്തിന്‍റെ ചുമതല. പട്ടം മുതൽ കവടിയാര്‍ വരെ ഫുഡ് സ്ട്രീറ്റായി മാറ്റാനും തീരുമാനമുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആവര്‍ത്തിക്കുന്ന മ്യൂസിയം പരിസരം നൈറ്റ് ഹബ്ബാകുന്നതോടെ മേഖലയിലെ പൊലീസ് സുരക്ഷ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Back to top button
error: