ബംഗളൂരു: പാവപ്പെട്ട ജനങ്ങളുടെ വിജയമാണ് കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
ചങ്ങാത്ത മുതലാളിത്തത്തിന് മുന്നില്‍ കര്‍ണാടകത്തിലെ പാവപ്പെട്ട ജനങ്ങളുടെ ശക്തി വിജയിച്ചിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭാവിയില്‍ ഇതുതന്നെ സംഭവിക്കും. കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്കിയ എല്ലാ വാഗ്ദാനങ്ങളും പൂര്‍ണമായും നടപ്പാക്കും. പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ അതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും രാഹുല്‍ പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിദ്വേഷമോ അധിക്ഷേപമോ ആയിരുന്നില്ല കോണ്‍ഗ്രസിന്റെ ആയുധങ്ങള്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ പോരാടിയത്. സ്നേഹവും വിശ്വാസവുമാണ് ഇവിടെ വിജയിച്ചിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
കര്‍ണാടകത്തില്‍ 137 സീറ്റുകളിലാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം. 45 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കമുള്ളത്. അട്ടിമറി വിജയത്തിന് പിന്നാലെ വമ്പന്‍ ആഘോഷപരിപാടികളാണ് കോണ്‍ഗ്രസ് സംസ്ഥാനത്തെമ്പാടും നടത്തുന്നത്.