LIFEMovie

ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ 5 മലയാള ചിത്രങ്ങള്‍

തെന്നിന്ത്യയിലെ മറ്റു ഭാഷാ ചലച്ചിത്ര വ്യവസായങ്ങളോട് ബജറ്റിലോ കളക്ഷനിലോ ഒന്നും മത്സരിക്കാനാവില്ലെങ്കിലും ബോക്സ് ഓഫീസിൽ മലയാള സിനിമയും മുന്നോട്ട് തന്നെയാണ്. ഓടിയ ദിവസങ്ങളുടെ എണ്ണം നേട്ടമായി കണക്കാക്കപ്പെട്ടിരുന്ന മുൻകാലങ്ങളിൽ നിന്ന് മാറി എത്ര വേഗത്തിൽ കോടി ക്ലബ്ബുകളിൽ എത്തി എന്നതിലാണ് ഇന്ന് ട്രേഡ് അനലിസ്റ്റുകളുടെ ശ്രദ്ധ. ലൂസിഫറിലൂടെ 200 കോടി ക്ലബ്ബിൽ വരെ മലയാള സിനിമ പ്രവേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിലീസ് 2018 തിയറ്ററുകളിൽ വലിയ തോതിൽ പ്രേക്ഷകരെ ആകർഷിക്കുമ്പോൾ ഒരു പട്ടികയാണ് ചുവടെ. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ എത്തിയ 5 മലയാള ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ഇത്.

Signature-ad

തിയറ്ററുകളിലെത്തി ഒരാഴ്ച കൊണ്ട് 2018 50 കോടി ക്ലബ്ബിൽ എത്തിയതായി അണിയറക്കാർ അറിയിച്ചത് ഇന്നലെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിൻറെ റിലീസ്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രം പൃഥ്വിരാജിൻറെ സംവിധാന അരങ്ങേറ്റമായിരുന്ന, മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ലൂസിഫർ ആണ്. ഇതരഭാഷാ ചിത്രങ്ങളെ അനുസ്മരിപ്പിക്കുംവിധം വെറും നാല് ദിവസങ്ങളിലാണ് ചിത്രത്തിൻറെ 50 കോടി നേട്ടം. ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പായി എത്തിയ കുറുപ്പാണ് പട്ടികയിൽ രണ്ടാമത്. 5 ദിവസത്തെ കളക്ഷനും പ്രിവ്യൂ പ്രദർശനങ്ങളും ചേർത്താണ് ചിത്രത്തിൻറെ 50 കോടി നേട്ടം.

അമൽ നീരദിൻറെ മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വമാണ് മൂന്നാം സ്ഥാനത്ത്. ആറ് ദിവസം എടുത്താണ് ചിത്രം 50 കോടി ക്ലബ്ബിൽ പ്രവേശിച്ചത്. നാലാം സ്ഥാനത്ത് 2018 ആണ്. റോഷൻ ആൻഡ്രൂസിൻറെ നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയാണ് ലിസ്റ്റിൽ അഞ്ചാമത്. 11 ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിൽ എത്തിയത്.

Back to top button
error: