പത്തനംതിട്ട: അനാഥത്വം കരിനിഴൽ വീഴ്ത്തിയ ജീവിതത്തിനു അഭയവും ആശ്രയവും നൽകിയ മാർത്തോമ്മാ സഭയുടെ അയിരുർ കർമ്മേൽ മന്ദിരം തന്നെ ശ്രീലക്ഷ്മിയുടെ വിവാഹത്തിന് വേദിയായി.ഒപ്പം എഴുമറ്റൂരിൽ സഭ പാവങ്ങൾക്കായി നിർമ്മിച്ചു നൽകിയ വീടുകളിൽ ഒന്ന് വിവാഹസമ്മാനവും.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടമായ ശ്രീലക്ഷ്മിക്ക് മർത്തോമ്മ സഭയുടെ കീഴിലുള്ള പുനരധിവാസ കേന്ദ്രമാണ് അഭയം നല്കിയത്.പതിനഞ്ചാം വയസിൽ അയിരൂർ കർമ്മേൽ മന്ദിരത്തിലെത്തിയ ശ്രീലക്ഷ്മി പ്ലസ്ടു വും ഫാഷൻ ഡിസൈനിംഗും അവിടെ നിന്ന് പഠിച്ചു 22 വയസ് പൂർത്തിയായ ശ്രീലക്ഷ്മി ഇവിടെ നിന്നും ഇന്നലെ കുടുംബജീവിതത്തിലേക്ക് കടക്കുകയായിരുന്നു.കോഴഞ്ചേരി വെള്ളിയറ വള്ളപ്പുരയിൽ പ്രഹ്ളാദൻ – സിന്ധു ദമ്പതികളുടെ മകനായ ശ്രീജിത്ത് ആണ് വരൻ.
കർമ്മേൽ മന്ദിരത്തിൽ കതിർ മണ്ഡപമൊരുക്കി ഹൈന്ദവ ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്.കർമ്മേൽ മന്ദിരം ജനറൽ സെക്രട്ടറി സാംകുട്ടി അയ്യക്കാവിൽ ,വൈസ് പ്രസിഡൻ്റ് റവ.ഫിലിപ്പ് ജോർജ് എന്നിവർ വധുവിനെ കതിർമണ്ഡപത്തിലേക്ക് കൈപിടിച്ചാനയിച്ചു.ഇന്നലെ 11.40നുളള ശുഭമുഹൂർത്തത്തിൽ കർമ്മേൽ മന്ദിരത്തിൻ്റെ ആഡിറ്റോറിയത്തിലൊരുക്കിയ വിവാഹവേദിയിൽ അഗ്നിസാക്ഷിയായി ശ്രീജിത് ശ്രീലക്ഷ്മിയുടെ കഴുത്തിൽ താലിചാർത്തി.ഫിലിപ്പ് ജോർജ്ജ് അച്ചൻ ശ്രീലക്ഷ്മിയുടെ കൈ പിടിച്ച് ശ്രീജിത്തിനെ ഏല്പിച്ചതോടെ ശ്രീലക്ഷ്മിയുടെ ജീവിതത്തിൽ പുതിയൊരു ഏടിന് തുടക്കമായി.
ലളിതമായ വിവാഹ ചടങ്ങിൽ വധൂവരന്മാർക്ക് ആശംസകളർപ്പിച്ച് കർമ്മേൽ മന്ദിരം അന്തേവാസികളുൾപ്പടെ നൂറോളം പേർ പങ്കെടുത്തു.എഴുമറ്റൂർ ഇരുമ്പുകുഴിയിൽ മാർത്തോമ്മാ സഭ നിർമ്മിച്ച പുതിയ വീടും ശ്രീലക്ഷ്മിയ്ക്കുള്ള വിവാഹ സമ്മാനമാണ്.500 ചതുരശ്ര അടിയിൽ ഫർണീച്ചറുകളുൾപ്പടെയുള്ള ഭവനത്തിലേക്ക് അടുത്ത ശുഭദിനത്തിൽ തന്നെ പ്രവേശനത്തിനൊരുങ്ങുകയാണ് ശ്രീലക്ഷ്മിയും ശ്രീജിത്തും.ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ് ശ്രീജിത്.