HealthLIFE

പ്രമേഹം നിയന്ത്രിക്കാൻ ഡയറ്റിലുൾപ്പെടുത്താം പപ്പായ; അറിയാം കാരണങ്ങൾ

പ്രമേഹം അഥവാ ഷുഗര്‍ നമുക്കറിയാം ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹം നമുക്ക് എത്രമാത്രം വലിയ ആരോഗ്യഭീഷണിയാണ് മുഴക്കുന്നതെന്ന് ഇന്ന് മിക്കവരും മനസിലാക്കുന്നുണ്ട്. പാരമ്പര്യമായി പ്രമേഹം പിടിപെടുന്നവരുണ്ട്. അതുപോലെ തന്നെ മോശം ജീവിതരീതികളുടെ ഭാഗമായും പ്രമേഹം കടന്നുപിടിക്കുന്നവരുണ്ട്. മിക്കവാറും ഭക്ഷണത്തിലെ പ്രശ്നങ്ങളാണ് പ്രമേഹത്തിലേക്ക് കാലക്രമേണ വഴിയൊരുക്കുന്നത്.

ഭക്ഷണം വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നു എന്നതിനാല്‍ തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുമെല്ലാം ഭക്ഷണത്തിലാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. പ്രമേഹനിയന്ത്രണത്തിന് ചില ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയോ ചിലത് ഭാഗികമായി ഒഴിവാക്കുകയോ അതേസമയം ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയോ ഒക്കെ ചെയ്യേണ്ടിവരാം.

Signature-ad

അത്തരത്തില്‍ പ്രമേഹം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് പപ്പായ. പ്രമേഹരോഗികള്‍ക്ക് പപ്പായ കഴിക്കാൻ പാടുണ്ടോ? ഇത് ഷുഗര്‍നില വീണ്ടും ഉയര്‍ത്തുമോ എന്ന സംശങ്ങള്‍ ധാരാളം പേര്‍ ചോദിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ പപ്പായ പ്രമേഹരോഗികള്‍ക്ക് വെല്ലുവിളി അല്ല എന്നുമാത്രമല്ല- നല്ലതുമാണ്.

ഇതിനുള്ള കാരണങ്ങളും വ്യക്തമാക്കാം… 

  1. ഭക്ഷണപദാര്‍ത്ഥങ്ങളിലെ മധുരത്തെ അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുന്ന ഗ്ലൈസമിക് സൂചിക (ജിഐ)  താഴ്ന്ന ഭക്ഷണമാണ് പപ്പായ. ഇതിന്‍റെ ജിഐ 60 ആണ്. അതായത് പ്രമേഹരോഗികള്‍ക്ക് കഴിക്കാൻ സുരക്ഷിതം എന്നര്‍ത്ഥം. എന്നാല്‍ അമിതമായ അളവില്‍ പതിവായി പപ്പായ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതുമല്ല.
  2. പപ്പായയിലടങ്ങിയിരിക്കുന്ന ‘പപ്പെയ്‍ൻ’, ‘കൈമോപപ്പെയ്‍ൻ’ എന്നിങ്ങനെയുള്ള എൻസൈമുകള്‍ ഭക്ഷണത്തിലൂടെ ലഭിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻസ്, ഫാറ്റ്സ് എന്നിവയെ എളുപ്പത്തില്‍ ദഹിപ്പിച്ചെടുക്കുന്നു. ഇത് രക്തത്ില്‍ ഷുഗര്‍നില കൂടാതെ കാക്കുന്നു.
  3. പപ്പായയില്‍ നല്ലതുപോലെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഈ ഫൈബര്‍ രക്തത്തിലേക്ക് ഷുഗറിനെ വലിച്ചെടുക്കുന്നത് കുറയ്ക്കുന്നു. ഇതോടെ ഷുഗര്‍ നിയന്ത്രിച്ചുനിര്‍ത്താൻ സാധിക്കുന്നു. ഇതേടൊപ്പം തന്നെ, ദഹനം സുഗമമാക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുമെല്ലാം പപ്പായയിലെ ഫൈബര്‍ സഹായിക്കുന്നു. ഇതെല്ലാം തന്നെ പ്രമേഹരോഗികള്‍ക്ക് ആശ്വാസം പകരുന്ന കാര്യങ്ങളാണ്.
  4. വൈറ്റമിൻ-സി, വൈറ്റമിൻ എ എന്നിവയാല്‍ സമ്പന്നമാണ് പപ്പായ. ഇവയെല്ലാം തന്നെ പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്ന ആന്‍റിഓക്സിഡന്‍റുകളാണ്. പ്രമേഹത്തോട് അനുബന്ധമായി വരുന്ന ഹൃദ്രോഗങ്ങള്‍, കാഴ്ചശക്തി കുറയല്‍, വൃക്ക രോഗം എന്നിവയെ എല്ലാം ഇത്തരത്തില്‍ പ്രതിരോധിക്കാൻ സാധിക്കും.

കഴിക്കേണ്ടത്

പ്രമേഹരോഗികള്‍ പപ്പായ കഴിക്കുമ്പോള്‍ അത് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി അങ്ങനെ തന്നെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ജ്യൂസോ ഷെയ്ക്കോ സ്മൂത്തിയോ എല്ലാം തയ്യാറാക്കി കഴിക്കുമ്പോള്‍ ഇതിന്‍റെ ഗുണങ്ങള്‍ പലതും നഷ്ടപ്പെട്ടുപോകാം. അതുപോലെ തന്നെ വിപണിയില്‍ നിന്ന് വാങ്ങിക്കുന്ന പപ്പായ ജ്യൂസ്, ഷെയ്ക്ക്, സ്മൂത്തി എന്നിവയൊന്നും ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നും ഓര്‍ക്കുക. കാരണം ഇവയിലെല്ലാം മധുരം ചേര്‍ത്തിരിക്കും.

Back to top button
error: