തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടിത്തം ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. എഐ ക്യാമറ ഇടപാടുകളുമായി ബന്ധപ്പെട്ട ഒരു ഫയലും അവിടെ ഇല്ല. വ്യവസായ വകുപ്പില്‍ ഫയലുകള്‍ വരുന്നത് എല്ലാം തന്നെ ഇ ഫയലായിട്ടാണ്. സംവിധാനങ്ങളില്‍ ഫയലുകള്‍ സൂക്ഷിക്കുന്നതിനാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ 7.55 ഓടേയാണ് നോര്‍ത്ത് ബ്ലോക്കിനോട് ചേര്‍ന്നുള്ള നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ തീപിടിത്തം ഉണ്ടായത്. മൂന്നാം നിലയില്‍ വ്യവസായമന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീപിടിത്തം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് 15 മിനിറ്റിനം തീയണച്ചു. എസിയില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ മുറിയിലെ കര്‍ട്ടനും മേല്‍ക്കൂരയും കത്തിനശിച്ചു. സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫയലുകള്‍ ഒന്നും കത്തിനശിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടിത്തം ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിച്ചാലേ വ്യക്തമാകുകയുള്ളൂ എന്ന് പി രാജീവ് പറഞ്ഞു. ”എഐ ക്യാമറയുമായി ബന്ധപ്പെട്ട ഫയലുകള്‍ അവിടെ വരില്ല. ഭരണവകുപ്പ് ഞങ്ങള്‍ അല്ലല്ലോ. വ്യവസായവകുപ്പില്‍ വരുന്ന ഫയലുകള്‍ എല്ലാം ഇ ഫയലുകള്‍ ആണ്. ഈ ഫയലുകള്‍ സംവിധാനത്തില്‍ ഉണ്ടാവും. ഭരണവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്യാബിനറ്റ് കുറിപ്പ് ആയി വരുമ്പോള്‍ മാത്രമേ ഞങ്ങള്‍ അറിയുകയുള്ളൂ”- പി രാജീവ് പറഞ്ഞു.