തൃക്കടവൂര്‍ വൈഷ്ണവം വീട്ടില്‍ കെ. ഗോപകുമാറാണ് (44) ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്. വള്ളിക്കീഴ് ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഇയാള്‍ 2021 ജൂണ്‍ മുതല്‍ പല ദിവസങ്ങളിലായി ദേവീവിഗ്രഹത്തില്‍ ചാര്‍ത്തി നിത്യപൂജ നടത്തുന്നതിനായി ഏല്‍പിച്ച സ്വര്‍ണാഭരണം ചാര്‍ത്താതെ വില്‍ക്കുകയും പണയം വെക്കുകയും ആയിരുന്നു.
കഴിഞ്ഞദിവസം ദേവി വിഗ്രഹത്തില്‍ താലി ആഭരണം ചാര്‍ത്തി കാണാത്തത് ശ്രദ്ധയില്‍പെട്ട അഡ്വൈസറി കമ്മിറ്റി സെക്രട്ടറിക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ സബ് ഗ്രൂപ്പ് ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു.
ഗ്രൂപ്പ് ഓഫിസറെത്തി നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടമായത് മനസ്സിലാകുന്നത്. തുടര്‍ന്ന് തിരുവിതാംകൂര്‍ സബ് ഗ്രൂപ്പ് ഓഫിസറായ കൃഷ്ണകുമാര്‍ നല്‍കിയ പരാതിയില്‍ ശക്തികുളങ്ങര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ 27 ഗ്രാം വരുന്ന ആഭരണങ്ങള്‍ വില്‍ക്കുകയും പണയപ്പെടുത്തുകയും ചെയ്തതായി മനസ്സിലാക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസ്, എസ്.ഐമാരായ ഷാജഹാന്‍, വിനോദ്, പ്രദീപ്, ദിലീപ്, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ശ്രീലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.