KeralaNEWS

താനൂർ ബോട്ട് അപകടം: ചുമതല താനൂർ ഡിവൈഎസ്പിക്ക്; അന്വേഷണത്തിന് 14 അം​ഗ പ്രത്യേക സംഘം

മലപ്പുറം: താനൂരിലുണ്ടായ ബോട്ട് ദുരന്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. 14 അം​ഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. താനൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ് പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഇന്നലെ ഏഴരയോടെ താനൂരിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരിൽ 15 കുട്ടികളുൾപ്പെടുന്നു. വിനോദസഞ്ചാര ബോട്ടാണ് അപകടത്തിൽപെട്ടത്. അപകടമുണ്ടായ ബോട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു.

അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാർക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായി. മരിച്ചവരിൽ 11 പേർ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് പേരാണ് കോട്ടക്കൽ, തിരൂരങ്ങാടി, കോഴിക്കോട് ആശുപത്രികളിലായി ചികിത്സയിലുള്ളത്. നിസാര പരിക്കേറ്റ രണ്ട് പേർ ആശുപത്രി വിട്ടു. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു.

അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിലായിട്ടുണ്ട്. താനൂർ സ്വദേശിയായ നാസറിനെ കോഴിക്കോട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാസറിന്‍റെ വാഹനം കൊച്ചിയിൽ പിടികൂടുകയും ചെയ്തിരുന്നു.

Back to top button
error: