KeralaNEWS

ബോട്ടപകടം: സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം

തിരുവനന്തപുരം: താനൂർ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്കുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന താലൂക്ക് തല അദാലത്തുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായി ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി അറിയിച്ചു.
അതേസമയം താനൂരിലെ ബോട്ടപകടത്തില്‍ അനുശോചനമറിയിച്ച്‌ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും സന്ദേശമയച്ചു .ട്വിറ്ററിലൂടെയാണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്‌ട്രപതി ജഗാദീപ് ധന്‍ഖറും അനുശോചനം അറിയിച്ചത്.
‘മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു’- രാഷ്‌ട്രപതി ട്വിറ്ററില്‍ കുറിച്ചു.
‘മലപ്പുറത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുച്ചേരുന്നു. എല്ലാവരും സുരക്ഷിതരായി ഇരിക്കട്ടേ. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ’ – ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും താനൂര്‍ ബോട്ടപകടത്തില്‍ അനുശോചനമറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു.

Back to top button
error: