Movie

മോഹൻലാൽ നായകൻ, എസ്.എൻ സ്വാമിയുടെ രചന; ജോഷിയുടെ സൂപ്പർ ഹിറ്റ് സിനിമ ‘നാടുവാഴികൾ’ തീയേറ്ററിൽ എത്തിയിട്ട് ഇന്ന് 34 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

എസ്.എൻ സ്വാമി-ജോഷി-മോഹൻലാൽ ടീമിന്റെ തകർപ്പൻ ഹിറ്റ് ‘നാടുവാഴികൾ’ എത്തിയിട്ട് 34 വർഷം. സെവൻ ആർട്ട്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ക്രൈം ത്രില്ലർ ഡ്രാമ റിലീസായത് 1989 മെയ് 5 ന്. അച്ഛന്റെ ശത്രുക്കളാൽ ജീവിതം മാറിമറയുമ്പോൾ ആയുധം കൈയിലെടുക്കുന്ന നായകന്റെ കഥയാണ് ‘നാടുവാഴികൾ’. ഹോളിവുഡ് ചിത്രമായ ‘ഗോഡ്‌ഫാദറി’ന്റെ സ്വാധീനമുള്ള കഥയിൽ മോഹൻലാലിന്റെ അച്ഛനായി മധു, സഹോദരിയായി സിതാര, കാമുകിയായി രൂപിണി, ശത്രുക്കളായി ദേവൻ, മുരളി, ബാബു നമ്പൂതിരി എന്നിങ്ങനെയായിരുന്നു താരനിര.

Signature-ad

ബാംഗ്ളൂരിൽ വിദ്യാർത്ഥിയായ അർജുൻ (ലാൽ) അച്ഛന്റെ അറസ്റ്റ് വാർത്തയറിഞ്ഞ് നാട്ടിലെത്തുന്നു. ജയിലിലായ അച്ഛന്റെ ബിസിനസ് ഏറ്റെടുത്തതോടെ, ബിസിനസ് രംഗത്തെ ശത്രുക്കൾ തുടർച്ചയായി കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്നു. പലിശയ്ക്ക് വായ്‌പ വാങ്ങിയ പണപ്പെട്ടിയിൽ സ്വർണ ബിസ്‌ക്കറ്റുകൾ ഒളിപ്പിച്ച് പോലീസിനെക്കൊണ്ട് പിടിപ്പിക്കാനുള്ള ശത്രു ശ്രമവും മറികടക്കുന്നത് അടക്കം നായകന്റെ അതിജീവനശ്രമങ്ങളാണ് പിന്നെ. വില്ലനെ കൊല്ലാൻ നായകൻ ശവപ്പെട്ടിയിൽ വരുന്നതാണ് ക്ളൈമാക്‌സ്.

ശ്യാം സംഗീതം പകർന്ന ഷിബു ചക്രവർത്തിയുടെ ഗാനങ്ങളിൽ ‘രാവിൽ പൂന്തേൻ’ ജനപ്രിയമായി.
ഈ ചിത്രത്തിന് ശേഷം ജോഷിയുടെ 3 ചിത്രങ്ങൾ കൂടി സെവൻ ആർട്ട്സ് നിർമ്മിച്ചു: പത്രം, ലേലം, വാഴുന്നോർ. ജോജു ജോർജ്ജ്, കല്യാണി പ്രിയദർശൻ എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന ‘ആന്റണി’എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മലയാള സിനിമയുടെ മെഗാഹിറ്റ് സംവിധായകനായ ജോഷി ഇപ്പോൾ.

Back to top button
error: