ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ഏതൊക്കെ ?
വിവിധ സോഷ്യൽ മീഡിയ ഫീഡുകളിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ എത്ര സമയം കടന്നുപോകുന്നുണ്ട് എന്നത് ആരും അറിയുന്നില്ല എന്നതാണ് സത്യം. ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ യുട്യൂബ്, ടിക് ടോക്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ തന്നെയാണ്. എന്നാൽ, ഇവയിൽ ഏതാണ് മുൻപന്തിയിൽ എന്ന് അറിയാമോ? അത് ടിക് ടോക് ആണ് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
2023 ഏപ്രിലിൽ മെൽറ്റ് വാട്ടർ (Meltwater) ഉം വി ആർ സോഷ്യൽ (We Are Social) ഉം പ്രസിദ്ധീകരിച്ച ഡിജിറ്റൽ 2023 ഗ്ലോബൽ സ്റ്റാറ്റ്ഷോട്ട് റിപ്പോർട്ടിൽ ആണ് ഈ കണ്ടെത്തൽ. 2022 ഒക്ടോബറിനും ഡിസംബറിനും ഇടയിൽ ഉപയോക്താക്കൾ പ്രതിമാസം ശരാശരി 31 മണിക്കൂറും 32 മിനിറ്റും ടിക് ടോകിൽ ചെലവഴിച്ചു എന്നാണ് റിപ്പോർട്ട് പറയുന്നത്. ചൈനീസ് ആപ്പായ ടിക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണെങ്കിലും ലോകം മുഴുവനുമുള്ള സോഷ്യൽ ഉപയോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ടിക് ടോക് മുൻപന്തിയിലാണ്. 2022 ഏപ്രിൽ മുതൽ ജൂൺ വരെ പ്രതിമാസം 23 മണിക്കൂറും 4 മിനിറ്റും കൊണ്ട് ഒന്നാം സ്ഥാനത്തായിരുന്ന യൂ ട്യൂബിനെ മറികടക്കുന്നതിലാണ് ചൈനീസ് ആപ്പ് വിജയിച്ചത്.
ഇപ്പോൾ, യൂട്യൂബ് പ്രതിമാസം ശരാശരി 27 മണിക്കൂറും 19 മിനിറ്റും കൊണ്ട് രണ്ടാം സ്ഥാനത്താണ്. 2022 ഏപ്രിൽ മുതൽ ജൂൺ വരെ ഉപയോക്താക്കൾ പ്രതിമാസം ശരാശരി 22 മണിക്കൂറും 9 മിനിറ്റും ആയിരുന്നു ടിക് ടോക്കിൽ സമയം ചെലവഴിച്ചിരുന്നത്. മെസഞ്ചറാണ് സോഷ്യൽ മീഡിയ ആപ്പുകളിൽ അവസാന സ്ഥാനത്ത്, 3 മണിക്കൂറും 17 മിനിറ്റും ആണ് ഇപ്പോൾ പ്രതിമാസം ആളുകൾ മെസഞ്ചറിൽ ചെലഴിയ്ക്കുന്ന സമയം. ഫേസ്ബുക്ക് – പ്രതിമാസം ശരാശരി 18 മണിക്കൂറും 17 മിനിറ്റും, വാട്ട്സ്ആപ്പ് – 16 മണിക്കൂറും 50 മിനിറ്റും, ഇൻസ്റ്റാഗ്രാം- 12 മണിക്കൂറും 30 മിനിറ്റും എന്നിങ്ങനെയാണ് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആളുകൾ ചിലവഴിക്കുന്ന സമയം.
ആൻഡ്രോയിഡ് ഉപയോക്താക്കളുടെ ദൈനംദിന ഉപയോഗത്തിന്റെ കാര്യത്തിൽ യൂട്യൂബ് ഇപ്പോഴും ചൈനീസ് പ്ലാറ്റ്ഫോമിനേക്കാൾ മുന്നിലാണ്. വാട്ട്സ്ആപ്പിന് പിന്നിൽ 63.2 ശതമാനം ഉപയോഗവുമായി യു ട്യൂബ് രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള് വാട്സ് ആപ്പിന് 82.6 ശതമാനം ആണ് ഉപയോഗം. മൂന്നാം സ്ഥാനത്ത് ഫെയ്സ് ബുക്ക് ആണ്.