തിരുവനന്തപുരം:പകർച്ചവ്യാധികൾ തടയാനായി മഴക്കാലപൂർവ ശുചീകരണം ജനപങ്കാളിത്തത്തോടെ പഞ്ചായത്തുതലം മുതൽ ഉടൻ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിൽ വിവിധ വകുപ്പുകളുടെ പങ്കാളിത്തം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ മന്ത്രിമാരും വകുപ്പു മേധാവികളുമായി നടന്ന ആരോഗ്യ ജാഗ്രതാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചീകരണം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കണം.നീക്കം ചെയ്യുന്ന മാലിന്യം സംസ്‌കരിക്കുന്നത് സംബന്ധിച്ചും കൃത്യമായ ധാരണയുണ്ടാകണം.കുടിക്കാൻ ലഭ്യമാക്കുന്നത് നല്ല വെള്ളമാണെന്ന് ഉറപ്പുവരുത്താനാകണം.എല്ലാ ജലസ്രോതസ്സും ശുദ്ധീകരിക്കാൻ നടപടിയുണ്ടാകണം-മുഖ്യമന്ത്രി പറഞ്ഞു.