Movie

എം.ടി വാസുദേവൻ നായരുടെ രചനയിൽ യൂസഫലി കേച്ചേരി സംവിധാനം  ചെയ്ത ‘നീലത്താമര’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 34 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

  എം.ടി വാസുദേവൻ നായർ- യൂസഫലി കേച്ചേരി ടീമിന്റെ ‘നീലത്താമര’യ്ക്ക് 34 വർഷപ്പഴക്കം. 1979 മെയ് 4 നായിരുന്നു 5 ലക്ഷം രൂപ ബജറ്റിൽ ഒരുങ്ങിയ ഈ ചിത്രത്തിന്റെ റിലീസ്. ജാതിബോധത്തെ മറികടക്കാനാവാത്ത പ്രണയത്തിന്റെ നേർസാക്ഷ്യമാണ് സിനിമ. ’70കളിലെ കേരളീയാന്തരീക്ഷമാണ് ചിത്രത്തിലെ പശ്ചാത്തലം. സമ്പന്ന ഗൃഹത്തിലെ പയ്യന്റെ കാമനകൾക്ക് വശംവദയായി, ഒടുവിൽ ജാതിയുടെ താഴേത്തട്ടിലായതിനാൽ അയാളോടൊത്ത് ജീവിതം പങ്കിടാനാകാതെ പോയ കുഞ്ഞിമാളുവിന്റെ കഥയാണ് ചിത്രം പറഞ്ഞത്. വലിയ വീട്ടിലെ പയ്യന്റെ ഭാര്യയായിട്ടും തന്റേതായ നിലപാടുകളുള്ളവളും, അമ്പലക്കുളത്തിൽ മരിച്ചു കിടക്കാൻ യോഗമുണ്ടായ മറ്റൊരു സ്ത്രീ. ഇങ്ങനെ വ്യത്യസ്തങ്ങളായ രണ്ട് സ്ത്രീ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.
‘നീലത്താമര’ എന്ന തലക്കെട്ടോടെ ലാൽ ജോസ് 2009 ൽ ചില മാറ്റങ്ങളോടെ ചിത്രം പുനർനിർമ്മിച്ചു. സുരേഷ്‌കുമാറായിരുന്നു നിർമ്മാതാവ്.

Signature-ad

കിഴക്കേപ്പാട്ട് വീട്ടിൽ സഹായി ആയി കുഞ്ഞിമാളു വരുന്നതിൽത്തന്നെ ഇരട്ടത്താപ്പുണ്ട്. ജാതിയിൽ താണവർക്ക് വേലക്കാരികളായി ആ വീട്ടിൽ താമസിക്കാം! വീട്ടിലെ പയ്യൻ ഹരിദാസൻ പട്ടണത്തിൽ നിന്നും വരുമ്പോൾ മുറിയിൽ വരാൻ ആജ്ഞാപിക്കുന്നത് വേലക്കാരികൾ കേവലം അടിമകൾ എന്ന മനോഭാവത്താലാണ്. ഉപയോഗം കഴിഞ്ഞ് കറിവേപ്പിലയാക്കുന്നതും ആ മനോഭാവത്തുടർച്ച തന്നെ.

ഹരിദാസൻ മറ്റൊരു സ്ത്രീയെ ഇഷ്ടപ്പെട്ടു  വിവാഹം കഴിച്ചതിൽപ്പോലും വേദനിക്കാൻ കുഞ്ഞിമാളുവിനെ അശക്തയാക്കുന്നതാണ് നാട്ടിലെ വ്യവസ്ഥ. പക്ഷെ ഭാര്യയായി വന്നവൾ കാര്യങ്ങൾ മനസ്സിലാക്കി പിൻവലിയുന്നു. കുഞ്ഞിമാളുവിനെ ബന്ധു സ്വീകരിച്ചു. പക്ഷെ ജീവിതവൃത്തിക്ക് വേലയ്ക്കായി നിയോഗിക്കപ്പെട്ടവർ വേല തുടരുമെന്ന ധ്വനിയോടെ, ചരിത്രം അവർത്തിക്കുന്നെന്ന് പറഞ്ഞ്, സിനിമ അവസാനിക്കുന്നു.

പാലക്കാട് കുടല്ലൂർ മലമക്കാവ് അയ്യപ്പക്ഷേത്രത്തിലെ ‘ചെങ്ങഴിനീർ പൂവ്’ ആണ് ‘നീലത്താമര’യായത് (ഈ പ്രദേശമായിരുന്നു ലൊക്കേഷൻ). ഹരിദാസന്റെ ആജ്ഞകൾ പാലിക്കണമോ എന്ന് സന്ദേഹിക്കുമ്പോൾ നീലത്താമരപ്പൂവ് വഴിപാട് വഴികാട്ടുമെന്ന് വിശ്വസിച്ച് കുഞ്ഞിമാളു വഴിപാട് നേരുന്നുണ്ട്.

രവികുമാർ, അംബിക, ഭവാനി എന്നിവരായിരുന്നു മുഖ്യതാരങ്ങൾ. നിർമ്മാണം അബ്ബാസ് മലയിൽ. യൂസഫലി കേച്ചേരി സംവിധാനം ചെയ്‌ത 3 ചിത്രങ്ങളിൽ ഒടുവിലത്തേതാണ് നീലത്താമര. (മറ്റ് ചിത്രങ്ങൾ മരം, വനദേവത)  ഈ ചിത്രത്തിൽ പ്രശസ്‌തരുടെ കവിതാശകലങ്ങളാണ് ഉപയോഗിച്ചത്. സംഗീതം ദേവരാജൻ. ഒരു ഗാനശകലം ഇങ്ങനെ:
‘തെക്കേ മുറ്റം വിട്ടെങ്ങും പോകാത്തൊരാൽമരം
ഇലക്കൈകളാൽ എന്നി നാമം ചൊല്ലുന്നു രാപകൽ.’

Back to top button
error: