തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ എസ്ആർഐടി ഉണ്ടാക്കിയ ഉപകരാർ, പുറംകരാർ എന്നിവയിലെ വ്യവസ്ഥകളെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്ന് തുറന്ന് സമ്മതിച്ച് കെൽട്രോൺ. വിവാദങ്ങൾക്കൊടുവിൽ ടെണ്ടർ ഇവാലുവേഷൻ റിപ്പോർട്ടും എസ്ആർഐടി സമർപ്പിച്ച ഉപകരാർ വിശദാംശങ്ങളും കെൽട്രോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസാഡിയോയും ട്രോയ്സും പദ്ധതി നിർവ്വഹണത്തിൽ പ്രധാന പങ്കാളികളെന്ന് വ്യക്തമാക്കുന്നതാണ് എസ്ആർഐടി സമർപ്പിച്ച ഉപകരാർ രേഖ. ടെണ്ടർ ഇവാല്യൂഷനിൽ എസ്ആർഐടിക്ക് കെൽട്രോൺ നൽകിയത് 100ൽ 95 മാർക്കാണെന്നും രേഖകൾ വ്യക്തമാക്കുന്നു.
എഐ ക്യാമറ ഇടപാട് വിവാദമായപ്പോൾ ഉപകരാറുകളെ കുറിച്ച് അറിയില്ലെന്നും അറിയേണ്ട കാര്യമില്ലെന്നുമായിരുന്നു കെൽട്രോൺ വാദം. പദ്ധതി നിർവ്വഹണം ഏൽപ്പിച്ചത് എസ്ആർഐടിയെയാണ്. ഉപകരാർ നൽകിയതിന്റെ ഉത്തരവാദിത്തം സ്വകാര്യ കമ്പനിക്ക് മാത്രമാണെന്ന കെൽട്രോൺ വാദം വലിയ വിമർശനത്തിനും ഇടയാക്കി. ഇതിനിടെയാണ് ഉപകരാറുകളെ കുറിച്ചെല്ലാം എസ്ആർഐടി കെൽട്രോണിനെ ധരിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖ കെൽട്രോൺ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്.
എസ്ആർഐടി 2021 മാർച്ച് 13 ന് കെൽട്രോണിന് നൽകിയ രേഖയനുസരിച്ച് പ്രസാഡിയോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും ട്രോയ്സ് ഇഫോഫോടെകും പദ്ധതി നിർവ്വഹണത്തിലെ പ്രധാന പങ്കാളികളാണ്. മീഡിയാ ട്രോണിക്സ് അടക്കം ഒരു ഡസനോളം സ്ഥാപനങ്ങൾ ഒഇഎമ്മുകളായും പ്രവർത്തിക്കുന്നുണ്ട്. കെൽട്രോൺ പുറത്ത് വിട്ട രേഖയനുസരിച്ച് ടെണ്ടർ ഇവാലുവേഷനിൽ എസ്ആർഐടിക്ക് കിട്ടിയത് 100 ൽ 95 മാർക്കാണ്. അശോകക്ക് 92 ഉം അക്ഷരക്ക് 91 ഉം കിട്ടിയപ്പോൾ ടെണ്ടർ ഘട്ടത്തിൽ പുറത്തായ ഗുജറാത്ത് ഇഫോടെക്കിന് കിട്ടിയത് എട്ട് മാർക്ക് മാത്രമാണ്.
അഡ്മിനിസ്ട്രേറ്റീവ് സാങ്ഷനും വർക്ക് ഓർഡറും പദ്ധതി തുകയുടെ വിശദാംശങ്ങളും എല്ലാം പ്രസിദ്ധീകരിച്ചിട്ടും ഉപകരാർ വിശദാംശങ്ങളും ടെണ്ടർ ഇവാലുവേഷൻ റിപ്പോർട്ടും മറച്ച് വച്ച കെൽട്രോണിന്റെ നടപടിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ രേഖകൾ കൂടി കെൽട്രോൺ വെബ്സൈറ്റിലിട്ടത്. ഉപകരാറിലെ കള്ളക്കളികളും കമ്പനികൾ തമ്മിലുള്ള ബന്ധവുമെല്ലാം വലിയ ചർച്ചയായി നിൽക്കുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്.