പത്മരാജന്റെ പരീക്ഷണ ചിത്രം ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 37 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
പത്മരാജന്റെ ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ’ പ്രദർശനത്തിനെത്തിയിട്ട് 37 വർഷം. 1986 മെയ് 1 നായിരുന്നു സുപ്രിയായുടെ ബാനറിൽ ഹരിപോത്തൻ നിർമ്മിച്ച പത്‌മരാജന്റെ സ്വന്തം കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരം റിലീസ് ചെയ്‌തത്. യാഥാസ്ഥിതിക ശീലങ്ങളാൽ കെട്ടപ്പെട്ടിരിക്കുന്ന ഒരു ജനതയെ ആണ് അരപ്പട്ട കെട്ടിയ ഗ്രാമം പ്രതിനിധീകരിക്കുന്നത്. മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ഒരു ഗ്രാമത്തിലെ വ്യഭിചാരശാലയിൽ പോകുന്നതും ഒരു കന്യകയെച്ചൊല്ലിയുള്ള അവകാശവാദം ഒരു ലഹളയിലേയ്ക്ക് നയിക്കുന്നതുമാണ് കഥ. ബി ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിച്ചു വന്ന ഗോമതി എന്ന നടിക്ക് പ്രധാനവേഷമുണ്ടായിരുന്നു ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ.’സുകുമാരിയുടെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്നാണ് ‘അരപ്പട്ട’യിലെ മാളുവമ്മ (മികച്ച സഹനടി അവാർഡ്).
പാലക്കാട് ഭാഗത്തെ ക്ഷയിച്ച തറവാടുകളിൽ നിത്യവൃത്തിക്കായി ശരീരം വിൽക്കാൻ തുടങ്ങിയ സ്ത്രീകളെക്കുറിച്ച് കേട്ട കഥകളാണ് പത്മരാജന് പ്രചോദനമായതെന്ന് കേട്ടിട്ടുണ്ട്. സുകുമാരിയുടെ മാളുവമ്മ സ്വന്തം തറവാട്ടിലാണ് ‘കച്ചവടം’ നടത്തുന്നത്. അവിടെയെത്തിയ പുതിയ പെൺകുട്ടിയെ ഗ്രാമത്തിലെ മൂപ്പന് കാഴ്‌ച വയ്ക്കണമെന്ന നാട്ടുവഴക്കം പാലിക്കാൻ ശ്രമിച്ച മാളുവമ്മ നിരാശയായി. പെൺകുട്ടി വഴങ്ങുന്നില്ല. മൂന്ന് സുഹൃത്തുക്കളിൽ ഇളയവന് (അശോകൻ) അവളോട് താൽപര്യം തോന്നിയതോടെ പെണ്ണിനെച്ചൊല്ലിയുള്ള തർക്കം ചെറിയൊരു യുദ്ധത്തിലേയ്ക്ക് വഴി തെളിക്കുന്നതും അതൊരു കൊലപാതകത്തിലേയ്ക്കു നയിക്കുന്നതുമാണ് സിനിമ. എന്തിനോ വേണ്ടി കടിപിടി കൂടുന്ന ഇന്ത്യൻ പിന്നോക്ക മനഃസ്ഥിതിയെ തുറന്നു കാട്ടുന്നതിനൊപ്പം കന്യക അവളെ ഇഷ്ടപ്പെടുന്ന പുരുഷന്റെ കൂടെ പുഴ കടക്കുന്നതാണ് ചിത്രാന്ത്യം.
മമ്മൂട്ടി, നെടുമുടി വേണു, അശോകൻ, സുകുമാരി, ഗോമതി, സൂര്യ, ഉണ്ണിമേരി, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്
ഗാനങ്ങളില്ലായിരുന്നു. ചിത്രം സാമ്പത്തികമായി വിജയിച്ചില്ല. ഷാജി ആയിരുന്നു കാമറ. സഹായി വേണു. സഹസംവിധായകൻ സുരേഷ് ഉണ്ണിത്താൻ. അരപ്പട്ടയ്ക്ക് ശേഷം വന്ന പത്മരാജൻ ചിത്രമാണ് ‘തൂവാനത്തുമ്പികൾ.’