
കൊല്ലം: കൊല്ലം തേവള്ളിയിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. അഭിഭാഷകനായ ധീരജ് രവിയുടെ വീട്ടിൽ നിന്നാണ് 27 പവൻ സ്വർണം കവർന്നത്. വീട്ടുകാർ രാത്രിയിൽ സിനിമ കാണാൻ പോയ സമയത്തായിരുന്നു മോഷണം. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ധീരജ് രവിയും കുടുംബം സിനിമക്ക് പോയത്. 12 മണിയോടെ തിരിച്ചെത്തി. വീടിനകത്ത് കടന്നപ്പോൾ മാത്രമാണ് മോഷണം നടന്ന കാര്യം വീട്ടുകാർ തിരിച്ചറിയുന്നത്.
വീടിൻറെ പിന്നിലൂടെ എത്തിയ കള്ളൻ മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കടന്നത്. കിടപ്പ് മുറിയുടെ പൂട്ട് തകർത്ത മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 27 പവൻ സ്വർണാഭരണങ്ങൾ കവർന്നു. മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം വലിച്ചു പുറത്തിട്ടു. കൊല്ലം എ.സി.പി അഭിലാഷിൻറെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷ്ണം. ഫോറൻസിക് ഉദ്യോഗസ്ഥരും വിരടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. വീട്ടുകാരെക്കുറിച്ച് കൃത്യമായി അറിയുന്ന ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.