ഫ്ലോറിഡ: 88 വയസ് പ്രായമുള്ള അൾസിമേഴ്സ് രോഗിയിൽ നിന്ന് തിരിച്ചറിയൽ രേഖകൾ മോഷ്ടിച്ച് പ്ലാസ്റ്റിക് സർജറിക്കായി പണം കണ്ടെത്തിയ നഴ്സ് പിടിയിൽ. ഫ്ലോറിഡ സ്വദേശിയായ നഴ്സാണ് പിടിയിലായത്. അൾസിമേഴ്സ് രോഗിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് എടുത്താണ് പ്ലാസ്റ്റിക് സർജറിക്കുള്ള പണം 31കാരിയായ നഴ്സ് നൽകിയത്. ടിഫാനി ആക്കൂന എന്ന നഴ്സാണ് അറസ്റ്റിലായത്. ഡെൽറ്റോണ സ്വദേശിയായ രോഗിയിക്ക് ഏപ്രിൽ നാലിന് 7160 ഡോളറിൻറെ ബില്ല് എത്തിയപ്പോഴാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ആരുടേയും ഒപ്പ് പോലുമില്ലാത്ത ക്രെഡിറ്റ് കാർഡിൽ നിന്നായിരുന്നു പണം പോയതെന്നത് ശ്രദ്ധിച്ചതോടെ വീട്ടുകാർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് 2022 നവംബറിൽ നടന്ന വഞ്ചന പുറത്ത് വരുന്നത്. പ്ലാസ്റ്റിക് സർജറിക്കായാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതെന്ന് പൊലീസിന് മനസിലായി. ചികിത്സാ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സേവനം ലഭ്യമാക്കിയത് 88 കാരിയായ അൾസിമേഴ്സ് രോഗിയുടെ നഴ്സാണെന്ന് വ്യക്തമായത്. ഏപ്രിൽ 4 ന് സംഭവം പുറത്ത് വന്നതിന് പിന്നാലെ ഇവരെ ആശുപത്രി സേവനങ്ങളിൽ നിന്ന് പുറത്താക്കി. എന്നാൽ ചോദ്യം ചെയ്യലിൽ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടേയില്ലെന്നായിരുന്നു നഴ്സ് പ്രതികരിച്ചത്.
ഇതിന് പിന്നാലെ സംഭവം രമ്യതയിൽ പരിഹരിക്കാമെന്ന നിർദ്ദേശവുമായി നഴ്സ് രോഗിയുടെ ഭർത്താവിനെ ബന്ധപ്പെടുകയായിരുന്നു. ഇതിന് സമ്മതിച്ച ഭർത്താവ് നഴ്സിനോട് വീട്ടിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. 1500 ഡോളർ പണമായും ബാക്കി തുക കടമായി നൽകുന്നതിൻറെ രേഖകളും തയ്യാറാക്കി എത്തിയ നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ രോഗിയുടെ അനുവാദത്തോടെയായിരുന്നു തിരിച്ചറിയൽ രേഖകൾ എടുത്തതെന്നായി നഴ്സിൻറെ വാദം.